അടൂർ: നാലാമത് അടൂർ രാജ്യാന്തര ചലച്ചിത്രമേള 28 മുതൽ മാർച്ച് ഒന്നു വരെ അടൂർ സ്മിത തീയറ്ററിൽ നടക്കും.എട്ട് ലോകസിനിമകളും രണ്ട് ഇന്ത്യൻ സിനിമകളും രണ്ട് മലയാള സിനിമകളും കൂടാതെ മാസ്റ്റേഴ്സ് വിഭാഗത്തിലും ഹോമേജ് വിഭാഗത്തിലും ഓരോ സിനിമയും ഉൾപ്പെടെ 12സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ,ഫെസ്റ്റിവൽ ഡയറക്ടർ ഡോ.ബിജു,ജനറൽ കൺവീനർ സി.സുരേഷ് ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യൻ സിനിമാ വിഭാഗത്തിൽനിന്നും ഗോവൻ ചലച്ചിത്രോത്സവത്തിൽ മികച്ച നടക്കുള്ള അവാർഡ് ലഭിച്ചതും മലയാളിയായ ആനന്ദകുമാർ സംവിധാനം ചെയ്ത മായിഘട്ട് ക്രൈം നമ്പർ 103 എന്ന മറാത്തി ചിത്രമാണ് ഉദ്ഘാടന ചിത്രം.ലോക സിനിമാ വിഭാഗത്തിൽ ഇൻഡാർക്ക് നെസ്റ്റ്,ചിൽഡ്രൻ ഓഫ് മെൻ,ബലൂൺ,എസ്കേപ് ഫ്രം സോബി ബോർ,എ ബാഗ് ഓഫ് മാർബിൾസ്,ബോയ് എൻഎ സ്ട്രിപ്പൈഡ് പൈജാമ,എട്രാൻസ് ലേറ്റർ,ദ് പിയാനിസ്റ്റ്,ഇന്ത്യൻ വിഭാഗത്തിൽ വിഡോ ഓഫ് സൈലൻസ്, മലയാളത്തിൽ ജെ.ഗീത സംവിധാനം ചെയ്ത റൺ കല്യാണി,സന്തോഷ് ബാബുസേനൻ,സതീഷ് ബാബുസേനൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഇരുട്ട്,ഹോമേജ് വിഭാഗത്തിൽ ഡോ.ബിജുവിന്റെ കടുപൂക്കുന്ന നേരം,മാസ്റ്റേഴ്സ് വിഭാഗത്തിൽ ജി.അരവിന്ദന്റെ വാസ്തുഹാര എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. ഇതര ഭാഷാ സിനിമകൾ മലയാളം സബ്ടൈറ്റിലോടു കൂടിയാണ് പ്രദർശിപ്പിക്കുന്നത്.മത്സരത്തിന് എത്തിയ 79 ഷോർട്ട് ഫിലീമുകളിൽ തിരഞ്ഞെടുക്കപ്പെട്ട 9 ഷോർട്ട് ഫിലിമുകൾ മേളയിൽ പ്രദർശിപ്പിക്കുകയും ഇതിൽ ഏറ്റവും നല്ല ഷോർട്ട് ഫിലിം,മികച്ച സംവിധായകൻ, മികച്ച കാമറാമാൻ, മികച്ച ഒന്നും രണ്ടും ചിത്രങ്ങൾ എന്നിവയ്ക്ക് അവാർഡും നൽകും.300 രൂപയാണ് 12 സിനിമകൾ കാണാനായി ഇൗടാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഇത് 250 രൂപയായി കുറച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.രാജീവ്,മോഹൻ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |