ടോട്ടനത്തെ വെട്ടിലാക്കി ലെയ്‌പ്സിഗ്
1-0 ത്തിന് ലെയ്‌പ്‌സിംഗ് ടോട്ടൻ ഹാമിനെ
തോൽപ്പിച്ചു
4-1ന് അറ്റലാന്റ വലൻസിയയെ കീഴടക്കി
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിലെ തന്ത്രങ്ങളുടെ ആശാനായ ഹൊസെ മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടൻഹാമിന് ആദ്യപാദ പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ കനത്ത തിരിച്ചടി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജർമ്മൻ ക്ളബ് ആർ.ബി. ലെയ്‌പ് സിഗിൽ നിന്നാണ് ടോട്ടൻഹാമിന് ഏക പക്ഷീയമായ ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്.
പരിക്ക് കാരണം സൂപ്പർ താരങ്ങളായ ഹാരികേനിനെയും സൺ മിൻഹ്യൂമിനെയും കൂടാതെ കളിക്കാനിറങ്ങേണ്ടിവന്ന ടോട്ടൻഹാമിനെ ശരിക്കും വിരട്ടിയ ശേഷമാണ് ലെയ്‌പ‌്‌സിംഗ് കീഴടക്കിയത്. 58-ാം മിനിട്ടിൽ ടിമോ വെർണർ പെനാൽറ്റിയിലൂടെ നേടിയ ഗോളിനായിരുന്നു ജർമ്മൻ ക്ളബിന്റെ വിജയം.
മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഒന്നിനുപിറകെ ഒന്നായി മൂന്ന് ചാൻസുകളാണ് ലെയ്‌പ്‌സിഗിന് ലഭിച്ചത്. കഴിഞ്ഞ സീസണിൽ ലിവർപൂളിനോട് ഫൈനലിൽ തോറ്റ ടോട്ടൻഹാമിന് ഇക്കുറി ക്വാർട്ടറിലെത്തണമെങ്കിൽ മാർച്ച് 10 ന് ലെയ്‌പ്‌സിഗിന്റെ തട്ടകത്തിൽ നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ വിജയിച്ചേ മതിയാകൂ.
26
ഇൗ സീസണിൽ ലെയ്‌പ്‌സിഗിന് വേണ്ടി 32 മത്സരങ്ങളിൽനിന്ന് ടിമോ വെർണർ നേടുന്ന 26-ാമത്തെ ഗോളായിരുന്നു ടോട്ടൻഹാമിനെതിരായത്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു ആദ്യപാദ പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് അറ്റ്ലാന്റ 4-1ന് സ്പാനിഷ് ക്ളബ് വലൻസിയയെ കീഴടക്കി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലായിരുന്നു അറ്റലാന്റയുടെ വമ്പൻ ജയം. ഇറ്റാലിയൻ ക്ളബിനായി ഹറ്റേ ബോയർ രണ്ട് ഗോളുകൾ നേടിയപ്പോൾ ഇലിചിച്ച്, ഫ്രീലർ എന്നിവർ ഒാരോ ഗോളടിച്ചു. റഷ്യൻ താരം ചെറിഷേവാണ് വലൻസിയയുടെ ആശ്വാസഗോൾ നേടിയത്.
16-ാം മിനിട്ടിൽ ഹറ്റേ ബോയറുടെ ആദ്യഗോളിലൂടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. 42-ാം മിനിട്ടിൽ ഇലിച്ചിച്ചും സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ അറ്റലാന്റ 2-0 ത്തിന് ലീഡ് ചെയ്തു. 57-ാം മിനിട്ടിൽ ഫ്രീലർ 3-0 എന്നാക്കി സ്കോർ ഉയർത്തി. 62-ാം മിനിട്ടിൽ ഹറ്റേ ബോയർ പട്ടിക പൂർത്തിയാക്കി. 66-ാം മിനിട്ടിലാണ് ചെറിഷേവ് ആശ്വാസഗോൾ നേടിയത്.
മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം
ലണ്ടൻ : ചാമ്പ്യൻസ് ലീഗിൽനിന്ന് യുവേഫ വിലക്കിയിരിക്കുന്നതിന്റെ ആഘാതത്തിൽ കഴിയുന്ന മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ രാത്രി വെസ്റ്റ ഹാമിനെതിരെ നടന്ന ഇംഗ്ളീഷ് പ്രിമിയർലീഗ് ഫുട്ബാൾ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം നേടി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 30-ാം മിനിട്ടിൽ റോഡ്രി ഹെർണാണ്ടസും 62-ാം മിനിട്ടിൽ കെവിൻ ഡിബ്രുയാനുമാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്.
സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സിറ്റിയെ രണ്ട് സീസണുകളിൽനിന്ന് യുവേഫ വിലക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |