ന്യൂഡൽഹി: ചൈനയിലെ കോവിഡ് 19 ബാധിതർക്ക് മരുന്നുകൾ അടക്കമുള്ളവ എത്തിക്കുന്നതിനും അവിടെയുള്ള നൂറിലേറെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും വ്യോമസേനയുടെ വിമാനം അയയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈന ബോധപൂർവം വൈകിക്കുന്നുവെന്ന് അഭ്യൂഹം. 20 ന് വിമാനം അയയ്ക്കാനാണ് ഇന്ത്യ നിശ്ചയിച്ചിരുന്നതെങ്കിലും ചൈനയിൽനിന്ന് ഇന്നലെയും അനുമതി ലഭിച്ചിട്ടില്ല.
വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് ഇന്ത്യയുടെ സി- 17 സൈനിക വിമാനം കഴിഞ്ഞദിവസം പുറപ്പെടേണ്ടതായിരുന്നു. എന്നാൽ ചൈനയിൽ നിന്നുള്ള അനുമതി വൈകുന്നതിനാൽ വിമാനത്തിന് ഇതുവരെ പുറപ്പെടാനായിട്ടില്ല.
ഇന്ത്യയിൽ നിന്നുള്ള മരുന്നുകളും അനുബന്ധ ഉപകരണങ്ങളും സ്വീകരിക്കുന്നതിലുള്ള വിമുഖതയാണോ കാരണമെന്നത് വ്യക്തമല്ല. കടുത്ത ദുരിതവും മാനസിക പ്രയാസവും സഹിച്ച് വുഹാനിൽ കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ചൈന വൈകിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.
എന്നാൽ, അനുമതി ബോധപൂർവം വൈകിച്ചിട്ടില്ലെന്നാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് പറയുന്നത്. വുഹാനിലെ നിലവിലെ സ്ഥിതിഗതികൾ സങ്കീർണമാണ്. കോവിഡ് 19 നിയന്ത്രണം സുപ്രധാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിമാനത്തിന് അനുമതി വൈകിക്കാനുള്ള നീക്കമൊന്നും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |