കൊച്ചി: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ, പൊടുന്നനേ നടപ്പാക്കിയ ജി.എസ്.ടി സംവിധാനം ബിസിനസ് ലോകത്തിന്റെ നടുവൊടിക്കുന്നു. പ്രാബല്യത്തിൽ വന്ന് മൂന്നുവർഷമായിട്ടും ആശയക്കുഴപ്പങ്ങളും നെറ്റ്‌വർക്ക് തകരാറുകളും ഒഴിയാത്തതാണ് പ്രധാന തിരിച്ചടി. ജി.എസ്.ടി റിട്ടേൺ വൈകിയതിന്റെ പേരിൽ പലർക്കും കിട്ടുന്നത് മൊത്തം നികുതിയേക്കാൾ കൂടുതൽ പിഴപ്പലിശ ഭാരമാണ്. റിട്ടേൺ സമർപ്പിക്കാൻ വൈകുന്ന ഓരോ ദിവസവും 200 രൂപ വീതം പിഴ വേറേയുമുണ്ട്.
പഴുതുകളില്ലാതെ ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനുള്ള ലളിതമായ സംവിധാനം ഇനിയും സർക്കാർ ഒരുക്കിയിട്ടില്ല. ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള പ്രഫഷണലുകൾക്ക് പോലും ആശയക്കുഴപ്പമുണ്ട്. നികുതി ദായകരെ ജി.എസ്.ടി റിട്ടേൺ ഫയലിംഗ് സംബന്ധിച്ച് ബോധവത്കരിക്കാനുള്ള പൂർണ ജ്ഞാനം നികുതി വകുപ്പിലെ ഉദ്യോഗസ്ഥർക്കുമില്ല. എന്നിട്ടും, റിട്ടേൺ സമർപ്പിക്കാനോ നികുതി അടയ്‌ക്കാനോ വൈകിയാൽ നികുതിദായകർക്കുമേൽ കനത്ത പിഴ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ.
18% പിഴപ്പലിശ
കാലാവധിക്കുള്ളിൽ ജി.എസ്.ടി അടയ്ക്കാത്തവർ മൊത്തം തുകയുടെ 18 ശതമാനം പലിശയാണ് ഒടുക്കേണ്ടത്.
ഉദാഹരണത്തിന്.
ഒരും സംരംഭകന്റെ മൊത്തം നികുതിഭാരം 10 ലക്ഷം രൂപയെന്നിരിക്കട്ടെ.
അദ്ദേഹത്തിന് 5 ലക്ഷം രൂപയുടെ ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്നു.
ബാക്കി 5 ലക്ഷം രൂപയാണ് നികുതി അടയ്ക്കേണ്ടത്.
എന്നാൽ,
റിട്ടേൺ വൈകിയാൽ മൊത്തം 10 ലക്ഷം രൂപയ്ക്കും 18 ശതമാനം പലിശ മൂന്നുമാസത്തേക്ക് കണക്കാക്കി അടയ്ക്കണം.
ദിവസപ്പിഴ വേറെ
ജി.എസ്.ടി.ആർ-1 റിട്ടേൺ സമർപ്പിക്കാൻ വൈകുന്ന ഓരോ ദിവസവും നികുതിദായകൻ 200 രൂപ വീതം പിഴയടയ്ക്കണം.പിഴയും പിഴപ്പലിശയുമെല്ലാം ജി.എസ്.ടി നെറ്റ്‌വർക്ക് തന്നെ സ്വയം കണക്കാക്കും. അതിനനുസരിച്ചുള്ള നോട്ടീസാണ് നികുതിദായകന് ലഭിക്കുന്നത്. റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നേരിയ പിഴവ് വന്നാൽ അത് സമർപ്പിക്കാനാവില്ല. നെറ്ര്‌വർക്ക് തകരാർ ആണെങ്കിലും റിട്ടേൺ വൈകിയാൽ വ്യാപാരി പിഴ ഒടുക്കണം.
1.23 കോടി
രാജ്യത്ത് ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യാപാരികൾ.
17.6 ലക്ഷം
നികുതി കോമ്പോസിഷൻ സ്‌കീമിൽ (അനുമാന നികുതി അടയ്ക്കുന്നവർ) ഉള്ളവർ.
30%
ജി.എസ്.ടി റിട്ടേൺ ഫയലിംഗ് പരാജയപ്പെടാനുള്ള സാദ്ധ്യത 30 ശതമാനം വരെ.
'തിരുത്തൽ"
പ്രശ്‌നം
ഓഡിറ്റിംഗിലുണ്ടാകുന്ന കാലതാമസവും റിട്ടേൺ നൽകുന്നത് വൈകിപ്പിക്കും. ഒട്ടേറെ വ്യാപാരികളെ വലയ്ക്കുന്നത് ജി.എസ്.ടി സോഫ്‌റ്ര്‌വെയർ സംബന്ധിച്ച അറിവില്ലായ്‌മയും നെറ്റ്‌വർക്ക് തകരാറുമാണ്.
റിട്ടേൺ ഒരിക്കൽ ഫയൽ ചെയ്‌താൽ തിരുത്താനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പിഴവുണ്ടായാൽ തിരുത്താനാവില്ല. ഇതുപേടിച്ച്, പലരും റിട്ടേൺ സമർപ്പിക്കാൻ വൈകി. മനഃപൂർവമല്ലാത്ത ഈ പ്രശ്‌നത്തിനും കനത്ത പിഴഭാരമാണ് സഹിക്കേണ്ടി വരുന്നത്.
₹1,898 കോടി
ജി.എസ്.ടി റിട്ടേൺ വൈകുന്നതിനുള്ള പ്രതിദിന പിഴയിനത്തിൽ നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ സർക്കാർ നേടിയത് 1,898 കോടി രൂപ. പ്രതിമാസ കണക്ക്: (തുക കോടി രൂപയിൽ)
വലിയ തിരിച്ചടി
ജി.എസ്.ടിയിലെ പിഴപ്പലിശയെ മറ്റൊരു വരുമാന മാർഗമായി കാണുകയാണ് സർക്കാർ. ഈയിനത്തിൽ ഇതുവരെ കണക്കാക്കിയിട്ടുള്ള മൊത്തം വരുമാന പ്രതീക്ഷ 46,000 കോടി രൂപയാണ്. ഈ ഭാരം മൊത്തം ചുമക്കുന്നത് ബിസിനസ് സമൂഹമാണ്. നോട്ട് അസാധുവാക്കൽ വേളയിൽ നേരിട്ടതിന് സമാനമായ അവസ്ഥയാണ് നിലവിൽ അവർ നേരിടുന്നത്.
നികുതിയേക്കാൾ വലിയ പിഴപ്പലിശ പലർക്കും ബാദ്ധ്യത.
ബിസിനസ് ആവശ്യങ്ങൾക്കായി മാറ്രിവച്ച തുക, പിഴയൊടുക്കാൻ എടുക്കേണ്ടി വരുന്നു
ബിസിനസ് ഇടപാടുകൾക്കും പർച്ചേസുകൾക്കും ഇതുവഴി തടസമുണ്ടാകുന്നു
ഫലത്തിൽ, ബിസിനസ് തകരുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട അവസ്ഥ
നികുതിദായകന്റെ
ആവശ്യം
1. മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ ജി.എസ്.ടി സംവിധാനം നിറയേ ആശയക്കുഴപ്പങ്ങൾ നിറഞ്ഞതായിരുന്നു. 2017 ജൂലായ് ഒന്നിനാണ് ജി.എസ്.ടി നടപ്പിൽ വന്നത്. അതുകൊണ്ട്, ആദ്യവർഷത്തെ റിട്ടേൺ ഫയലിംഗ് വൈകിയതിന് ഈടാക്കുന്ന പിഴപ്പലിശ സർക്കാർ പൂർണമായും ഒഴിവാക്കണം.
2. ഇനിയും റിട്ടേൺ സമർപ്പിക്കാൻ വൈകുന്നവർക്കുമേൽ, മൊത്തം തുകയ്ക്കും പിഴപ്പലിശ ഈടാക്കുന്നത് അവസാനിപ്പിക്കണം. പകരം, ഇൻപുട്ട് ക്രെഡിറ്റ് കഴിച്ചുള്ള തുകയ്ക്ക് മാത്രം പിഴ ഈടാക്കുക.
റിട്ടേൺ സമർപ്പണവും ജി.എസ്.ടി സോഫ്‌റ്ര്‌വെയറും സംബന്ധിച്ച് നികുതിദായകരെ ബോധവത്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക.
പിഴവുകളില്ലാതെ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള ലളിതമായ സംവിധാനം നടപ്പാക്കുക.
സർക്കാർ ചെയ്യേണ്ടത്
''ജി.എസ്.ടിയുടെ റിട്ടേൺ ഫയലിംഗ് അടക്കമുള്ള നടപടികളെല്ലാം ഓൺലൈൻ ആണ്. സോഫ്‌റ്ര്‌വെയർ സംബന്ധിച്ച് വ്യാപാരികളെ പരിശീലിപ്പിക്കണം. നിയമ ബോധവത്കരണവും വേണം. ഡാറ്റ കിറുകൃത്യമാണെങ്കിലേ ഫയലിംഗ് വിജയിക്കൂ"",
എ. ഗോപാലകൃഷ്‌ണൻ,
ചാർട്ടേഡ് അക്കൗണ്ടന്റ്, സീനിയർ പാർട്‌ണർ,
കെ. വെങ്കിടാചലം അയ്യർ ആൻഡ് കോ.
സംരംഭകൻ ചെയ്യേണ്ടത്
''നെറ്ര്‌വർക്ക് തകരാർ മൂലമാണ് റിട്ടേൺ സമർപ്പണം വൈകിയതെങ്കിൽ, അതിന്റെ 'സ്‌ക്രീൻഷോട്ട്" എടുത്തുവയ്ക്കണം. ഈ തെളിവ്, കേന്ദ്ര/സംസ്ഥാന ജി.എസ്.ടി ഓഫീസുകളിൽ സമർപ്പിച്ചാൽ പിഴയിൽ നിന്ന് ഒഴിവാകാം"",
ബാബു എബ്രഹാം കള്ളിവയലിൽ,
കേന്ദ്ര കമ്മിറ്റിയംഗം,
ഇൻസ്‌റ്രിറ്ര്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |