
ഒരാൾ കടുവയ്ക്ക് മദ്യം കൊടുക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിജനമായ റോഡിൽവെച്ച് കുപ്പിയിലുള്ള മദ്യം കടുവയ്ക്ക് കൊടുക്കുന്നതാണ് ആറ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. ഇതൊരു എ ഐ വീഡിയോയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മദ്ധ്യപ്രദേശിലെ നാഗ്‌പൂർ പൊലീസ്.
വീഡിയോ പ്രചരിപ്പിച്ച മുംബയ് സ്വദേശിക്കെതിരെയാണ് നാഗ്പൂർ റൂറൽ പൊലീസ് കേസെടുത്തിരിക്കുന്നത്. മദ്ധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിൽ നിന്നുള്ളതാണ് വീഡിയോയെന്നായിരുന്നു ഇയാൾ പ്രചരിപ്പിച്ചിരുന്നത്. മദ്യലഹരിയിലെത്തിയ അമ്പത്തിരണ്ടുകാരനായ രാജു പട്ടേൽ കടുവയെ കണ്ടപ്പോൾ വലിയൊരു പൂച്ചയാണെന്ന് കരുതിയാണ് മദ്യം നൽകിയതെന്നുമായിരുന്നു പ്രചാരണം.
ഗ്രാമവാസികൾ ഭീതിയിലാണെന്നും പിന്നീട് വനം ഉദ്യോഗസ്ഥർ എത്തിയെന്നുമൊക്കെയായിരുന്നു വീഡിയോയിലെ അവകാശവാദം. കെട്ടിച്ചമച്ച കഥ നിരവധി പേർ വിശ്വസിച്ചു. വീഡിയോയിലുള്ളയാൾ ധൈര്യശാലിയാണെന്നും പലരും കമന്റ് ചെയ്തു. വീഡിയോ നാഗ്പൂർ പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. തുടർന്ന് തെറ്റിദ്ധാരണ പരത്തിയതിന് മുംബയ് സ്വദേശിയുടെ പേരിൽ കേസെടുക്കുകയായിരുന്നു.
'aikalaakari' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒക്‌ടോബർ മുപ്പതിനാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'ഈ റീൽ തെറ്റായ സന്ദേശം നൽകി, ടൈഗർ റിസർവിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചേക്കാം. വിനോദസഞ്ചാരികളെ തെറ്റിദ്ധരിപ്പിക്കാനും ടൂറിസത്തെ ബാധിക്കാനും വന്യമൃഗങ്ങളുമായി ഇടപഴകുമ്പോൾ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചും തെറ്റായ ധാരണയാണ് പരത്തിയത്. അതിനാലാണ് കേസെടുത്തത്.'- പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |