ഹൈദരാബാദ്: തലസ്ഥാനത്ത് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡിക്കെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. ‘മന്ത്രി ഹൈദരാബാദിൽ നിൽക്കാതെ ഡൽഹിയിലേക്ക് തിരിച്ച് പോയി ആ തീ കെടുത്തണം. ഇപ്പോൾ തന്നെ 7 ആളുകൾ മരിച്ചു കഴിഞ്ഞു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ വർഗീയ കലാപമായി മാത്രം കാണാൻ പറ്റില്ല.’- ഒവൈസി പറഞ്ഞു.
നേരത്തെ ഡൽഹി പൊലീസിനെതിരെ ഒവൈസി രംഗത്തെത്തിയിരുന്നു. പൊലീസുകാർ ആക്രമണകാരികളുടെ പക്ഷത്താണെന്നാണ് അദ്ദേഹം ആരോപിച്ചത്. പ്രധാനമന്ത്രി വളർത്തുന്ന പാമ്പുകൾ സർക്കാറിനെ തന്നെ തിരിഞ്ഞു കൊത്തുമെന്നും ഒവൈസി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഡൽഹിയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഡൽഹിയിൽ ആവശ്യത്തിനു സേനയെ വിന്യസിച്ചിട്ടുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഊഹാപോഹങ്ങൾ ഒഴിവാക്കുന്നതിനായി പൊലീസ് കൺട്രോൾ റൂമുകളിൽ മുതിർന്ന ഉദ്യോഗസ്ഥരെതന്നെ നിയമിക്കണമെന്നും അമിത് ഷാ നിർദേശം നൽകി. പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യമെങ്കിൽ സേനയുടെ എണ്ണം വർധിപ്പിക്കാമെന്നും അമിത് ഷാ ഉറപ്പുനൽകി. സായുധരായ 1000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംഘർഷ മേഖലകളിൽ വിന്യസിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |