ന്യൂയോർക്ക്: അമേരിക്കൻ കമ്പനിയും പ്രമുഖ രാജ്യാന്തര മുൻനിര പേമെന്റ് ആൻഡ് ടെക്‌നോളജി സ്ഥാപനവുമായ മാസ്‌റ്റർ കാർഡിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് ഇന്ത്യൻ വംശജൻ അജയ് ബംഗ അടുത്ത ജനുവരി ഒന്നിന് പടിയിറങ്ങും. തുടർന്ന്, കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം അദ്ദേഹം ഏറ്റെടുക്കും. മാസ്‌റ്റർ കാർഡിൽ നിലവിൽ ചീഫ് പ്രോഡക്‌ട് ഓഫസറായ മൈക്കൽ മൈബാക്ക്, പുതിയ സി.ഇ.ഒയാകും. ജനുവരി ഒന്നിന് മൈബാക്ക് ചുമതലയേൽക്കും.
2006 മുതൽ റിച്ചാർഡ് ഹേതോൺവെയ്‌റ്രാണ് ചെയർമാൻ. അദ്ദേഹം വിരമിക്കുന്ന ഒഴിവിലാണ് ബംഗ ചെയർമാനാകുന്നത്. ആഗോള കമ്പനികളുടെ താക്കോൽസ്ഥാനം ഏറ്റെടുത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ വ്യക്തികളിൽ പ്രമുഖനാണ് അജയ് ബംഗ. ഐ.ബി.എമ്മിന്റെ സി.ഇ.ഒയായി അടുത്തിടെ അരവിന്ദ് കൃഷ്‌ണ നിയമിതനായിരുന്നു. മൈക്രോസോഫ്‌റ്ര് സി.ഇ.ഒ സത്യ നദേല, ഗൂഗിൾ ആൻഡ് ആൽഫബെറ്ര് സി.ഇ.ഒ സുന്ദർ പിച്ചൈ, അഡോബി സി.ഇ.ഒ ശന്തനു നാരായൺ, പെപ്‌സികോയുടെ മുൻ സി.ഇ.ഒ ഇന്ദ്രനൂയി തുടങ്ങിയവരും ഇന്ത്യയുടെ അഭിമാന താരകങ്ങളാണ്.
അജയ്യനായ ബംഗ
2010ൽ അജയ് ബംഗ സി.ഇ.ഒ ആയതുമുതൽ മാസ്‌റ്റർ കാർഡ് കുറിച്ചിട്ടത് വിസ്‌മയ വളർച്ചയാണ്. അദ്ദേഹത്തിന് കീഴിൽ കമ്പനിയുടെ വരുമാനം 550 കോടി ഡോളറിൽ നിന്നുയർന്ന് 1,690 കോടി ഡോളറിലെത്തി. വർദ്ധന 207%.
പൂനെ ആണ് അജയ് ബംഗയുടെ ജന്മദേശം
ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ എക്കണോമിക്‌സ് ബിരുദം
ഐ.ഐ.എം അഹമ്മദാബാദിൽ നിന്ന് മാനേജ്‌മെന്റ് ബിരുദം
60കാരനായ ബംഗ, നേരത്തേ നെസ്‌ലേ, സിറ്രിഗ്രൂപ്പ് എന്നിവയിലും ജോലി ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |