കോട്ടയം: മദ്യലഹരിയിൽ വഴിവക്കിൽ രണ്ട് യുവാക്കൾ. സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ പുറത്തായത് മോഷണം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾക്കൊപ്പം മോഷ്ടിച്ച സ്കോച്ചും അടിച്ച് ലക്കുകെട്ട പന്തത്തുകുഴി ഒരപ്പാൻകുഴി അനന്തു ഷാജി (21), തൃക്കൊടിത്താനം അമര വരവുകാലായിൽ മെബിൻ മാത്യു (18) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞദിവസം കുന്നന്താനത്ത് പാംമലയിൽ അലക്സിന്റെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവരിൽ നിന്ന് മൂന്നു കുപ്പി സ്കോച്ച് വിസ്കി, മൂന്ന് സ്വർണകോയിൻ, അര പവന്റെ ചെയിൻ, വിദേശ സോപ്പ്, വിദേശ കറൻസി എന്നിവ കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. അലക്സിന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് കീഴ് വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. അനന്തുവിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ഏറെയും കഞ്ചാവ് കേസുകളാണ്. തൃക്കൊടിത്താനം സി.ഐ സാജു വർഗീസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |