കൊച്ചി: കൊറോണ വ്യാപനം തടയാൻ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ പൂർണമായാൽ ഇന്ത്യയുടെ സമ്പത്തിൽ നിന്ന് കൊഴിയുക 12,000 കോടി ഡോളർ (ഏകദേശം ഒമ്പത് ലക്ഷം കോടി രൂപ). ഇന്ത്യയുടെ ജി.ഡി.പി മൂല്യത്തിന്റെ നാല് ശതമാനമാണിത്. കൊറോണ സൃഷ്‌ടിച്ച പ്രതിസന്ധി മൂലം ഇന്ത്യയുടെ 2020-21ലെ ജി.ഡി.പി വളർച്ച 3.5 ശതമാനത്തിലേക്കും കൂപ്പുകുത്തിയേക്കാം.
ഒട്ടുമിക്ക നിക്ഷേപക-റേറ്രിംഗ് ഏജൻസികളും ഇന്ത്യ 2020-21ൽ അഞ്ചു ശതമാനത്തിനുമേൽ വളരുമെന്നാണ് നേരത്തേ വിലയിരുത്തിയിരുന്നത്. കൊറോണ ഇന്ത്യയുടെ ധനക്കമ്മി കൂടാനും കളമൊരുക്കും. ബഡ്‌ജറ്റിൽ കേന്ദ്രം പ്രതീക്ഷിക്കുന്നത് 3.5 ശതമാനമാണെങ്കിലും ഇത് അഞ്ചു ശതമാനത്തിൽ എത്തിയേക്കാം. കൊറോണയെ ചെറുക്കാൻ കേന്ദ്രം മറ്റു മുൻനിര രാഷ്‌ട്രങ്ങളെ അപേക്ഷിച്ച് മികച്ച നടപടികൾ എടുത്തെങ്കിലും സാമ്പത്തിക പ്രത്യാഘാതം തടയാനും ശ്രമിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.
നോട്ട് അസാധുവാക്കലും ജി.എസ്.ടിയും സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് ഇനിയും മുക്തരാകാത്ത അസംഘടിത മേഖലയാണ് കൊറോണയും ലോക്ക്ഡൗണും മൂലം കൂടുതൽ തളരുക. പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞദിവസം ഇൻകംടാക്‌സ്, ജി.എസ്.ടി റിട്ടേണുകളുടെ സമർപ്പണം, ഐ.ബി.സി നടപടി തുടങ്ങിയവയിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രക്ഷാപാക്കേജ് തന്നെ വേണമെന്നാണ് സമ്പദ്‌ലോകം ആവശ്യപ്പെടുന്നത്.
₹2.3 ലക്ഷം കോടിയുടെ
പാക്കേജ് വന്നേക്കും
കൊറോണ സൃഷ്‌ടിച്ച സമ്പദ്‌പ്രതിസന്ധി മറികടക്കാൻ കേന്ദ്രം 1.5 ലക്ഷം കോടി മുതൽ 2.3 ലക്ഷം കോടി രൂപയുടെ വരെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവ തമ്മിൽ പാക്കേജ് രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. ഈയാഴ്‌ച തന്നെ പാക്കേജ് പ്രഖ്യാപിച്ചേക്കും.
കനിയണം, റിസർവ് ബാങ്കും
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഏപ്രിൽ മൂന്നിന് പ്രഖ്യാപിക്കുന്ന ധനനയത്തിൽ റിസർവ് ബാങ്ക് മുഖ്യപലിശനിരക്ക് കുറച്ചേക്കും. 0.65 ശതമാനം വരെ കുറവ് റിപ്പോയിൽ ഉണ്ടായേക്കാം. ഇതിനു പുറമേ നടപ്പുവർഷം റിപ്പോയിൽ ഒരു ശതമാനം വരെ കുറവ് വന്നേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |