കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മോഹൻലാൽ നടത്തിയ പ്രസ്താവന അടുത്തിടെയാണ് വിവാദമായത്. ശേഷം താൻ നടത്തിയ പ്രസ്താവന വിശദീകരിച്ചുകൊണ്ട് താരം വീണ്ടും രംഗത്ത് വന്നിരുന്നു. ഇപ്പോൾ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ച ഏതാനും വാക്കുകളും വൈറലായി കൊണ്ടിരിക്കുകയാണ്. കൊറോണാക്കാലത്ത് പട്ടിണിയിലാകുന്ന മൃഗങ്ങളെ ഉൾപ്പെടെ നിരവധി പേരെ മുഖ്യമന്ത്രി ചേർത്തുപിടിക്കുകയാണെന്നും നമ്മൾ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ സകല മനുഷ്യർക്കും രക്ഷാകവചമൊരുക്കുന്ന ഒരു പ്രധാനമന്ത്രിക്ക് കീഴിൽ, ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിക്ക് കീഴിൽ നമ്മൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. എന്നാൽ നമ്മുടെ സുരക്ഷക്കായി രാവും പകലും അദ്ധ്വാനിക്കുന്ന നിയമപാലകരെയും ആരോഗ്യ പ്രവർത്തകരെയും ചിലപ്പോഴൊക്കെ നാം മറന്നു പോകുകയാണെന്നും അദ്ദേഹം ഓർമപ്പെടുത്തുകയാണ്.
മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ....... അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!
നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.
പക്ഷേ,
നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു....
അരുത്..
അവരും നമ്മെ പോലെ മനുഷ്യരാണ്...
അവർക്കും ഒരു കുടുംബമുണ്ട്.
അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ...
ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു....
വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു.... എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ടു....
#StayHome #SocialDistancing #Covid19 '
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |