കോട്ടയം: ചങ്ങനാശേരി പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കിയതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. എന്നാൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവിനെ (28) ചോദ്യം ചെയ്തുവെങ്കിലും ഇയാളിൽനിന്നും ലഭിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതീവ രഹസ്യമായാണ് പൊലീസ് തെളിവുകൾ ശേഖരിക്കുന്നത്. ചോദ്യം ചെയ്യൽ വരുംദിവസങ്ങളിലും തുടരും. അൻവർ അലി (28) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എറണാകുളം റേഞ്ച് ഐ.ജി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ, ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, തൃക്കൊടിത്താനം സി.ഐ സാജു വർഗീസ്, പാമ്പാടി സി.ഐ യു.ശ്രീജിത്ത്, കറുകച്ചാൽ സി.ഐ കെ.സലിം എന്നിവരുടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേ സമയം ഇന്നും പായിപ്പാട് ശാന്തമാണ്. 2,500 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്. അരിയും മറ്റ് സാധനങ്ങളും ക്യാമ്പുകളിൽ എത്തിച്ചിട്ടുണ്ട്. അവർതന്നെ ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുകയാണ്. ഇപ്പോഴും വൻ പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.150ലധികം തൊഴിലാളികളുടെ മൊബൈൽ ഫോൺ പൊലീസ് പരിശേോധിച്ചിരുന്നു. ശബ്ദരേഖകൾ പരിശോധിച്ചപ്പോൾ കൂടുതൽ മെസേജുകളും വാട്ട്സാപ്പ് സന്ദേശങ്ങളും ഇവരുടെ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |