
ബംഗളൂരു: രാജ്യത്തെ നടുക്കിയ വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് ബംഗളൂരു പൊലീസ്. സാധാരണക്കാരുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ 22കാരനായ മുഹമ്മദ് ഉസൈഫ്, മാതാവ് ഷബാന അബ്ദുൽ ബാരി എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ഉത്തരേന്ത്യക്കാരായ ഒൻപത് പേരും പിടിയിലായിട്ടുണ്ട്.
സർക്കാർ ആശുപത്രികളിലെ ലേബർ വാർഡുകൾ, കേളേജുകൾ എന്നിവിടങ്ങളിൽ എത്തി സാധാരണക്കാരെയും വിദ്യാർത്ഥികളെയും സ്വാധീനിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. 2,000 മുതൽ 5,000 രൂപ വരെ കമ്മീഷൻ വാഗ്ദാനം ചെയ്ത് ഇവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കും. തുടർന്ന് അക്കൗണ്ട് ഉടമകളുടെ പാസ്ബുക്ക്, ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, സിം കാർഡ് എന്നിവ പ്രതികൾ കൈക്കലാക്കും. ഇതുവഴിയാണ് സൈബർ തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം കൈമാറ്റം ചെയ്തിരുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് ഉസൈഫാണ് തട്ടിപ്പ് സംഘത്തിന്റെ പ്രധാന ഏജന്റ്. 4,200 ഓളം അക്കൗണ്ടുകളാണ് ഇയാൾ നിയന്ത്രിച്ചിരുന്നത്. വർഷംതോറും 25 ലക്ഷം രൂപയിലധികമാണ് ഇയാൾക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്. മകനെ അക്കൗണ്ടുകൾ കണ്ടെത്താനും അവ നിയന്ത്രിക്കാനും സഹായിച്ചിരുന്നത് അമ്മയായ ഷബാനയായിരുന്നു.
2013ലെ ഐപിഎൽ ഒത്തുകളി കേസിലെ പ്രതിയും ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാതുവയ്‌പ്പുകാരൻ പ്രേം തനേജയാണ് സംഘത്തിന്റെ ബുദ്ധികേന്ദ്രം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിൽ ഏകദേശം 9,000 അക്കൗണ്ടുകൾ വഴിയായി 240 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. നിലവിൽ ഈ തുകയെല്ലാം മരവിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 864 സൈബർ ക്രൈം കേസുകളുമായി സംഘത്തിന് ബന്ധമുണ്ടെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. 242 ഡെബിറ്റ് കാർഡുകൾ, 58 മൊബൈൽ ഫോണുകൾ, 531 ഗ്രാം സ്വർണാഭരണങ്ങൾ, 4.9 ലക്ഷം രൂപ ക്യാഷ്, 33 ചെക്ക് ബുക്കുകൾ, 21 പാസ്ബുക്കുകൾ, ക്രിപ്‌റ്റോ കറൻസി ഇടപാടുകളുടെ രേഖകൾ എന്നിങ്ങനെ പ്രതികളിൽ നിന്ന് വൻതോതിലുള്ള തൊണ്ടിമുതലുകളാണ് പൊലീസ് പിടിച്ചെടുത്തത്.
ഡൽഹിയിൽ നിന്ന് പിടിയിലായ ഒൻപത് പ്രതികൾ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനും ഡെബിറ്റ് കാർഡുകൾ വിദേശത്തേക്ക് കടത്താനും സഹായിച്ചവരാണ്. ദുബായിലുള്ള പ്രധാന പ്രതി പ്രേം തനേജയെ നിയമപരമായ മാർഗങ്ങളിലൂടെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കെവൈസി മാനദണ്ഡങ്ങളിലെ പഴുതുകൾ ഉപയോഗിച്ചാണ് ഇത്രയധികം അക്കൗണ്ടുകൾ ഇവർ കൈക്കലാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |