കൊല്ലം: നാളെ വിഡ്ഢിദിനമാണ്, ആർക്കും ആരെയും കളവ് പറഞ്ഞ് വിഡ്ഢികളാക്കാനുള്ള ദിനമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത്തവണ കൊറോണയുമായി ബന്ധപ്പെട്ട നുണ പറഞ്ഞാൽ അകത്താകും. മുൻകൂട്ടി പൊലീസ് ഇക്കാര്യം അറിയിച്ചുകഴിഞ്ഞു. രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഇതിനെപ്പറ്റിയോ കൊറോണയെപ്പറ്റിയോ വ്യാജ അറിയിപ്പുകളും ഊഹാപോഹങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാലാണ് മുട്ടൻ പണി കിട്ടുക. തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്.
പറ്റിക്കാനൊരു ദിനം
ഏപ്രിൽ ഒന്നിന് കിടിലൻ പണി കിട്ടാത്തവർ കുറവാകും. ബന്ധുക്കളും കൂട്ടുകാരുമൊക്കെ നുണ പറഞ്ഞ് പറ്റിക്കാറുണ്ട്. വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമൊക്കെ പണി കിട്ടാൻ തുടങ്ങിയത് അടുത്തകാലത്താണ്. മാർച്ചിന്റെ അവസാന ദിനങ്ങളിൽ മറ്റുള്ളവരെ എങ്ങിനെ ഫൂളാക്കാമെന്നതിന്റെ ചിന്തയിലാകും പലരും. രസകരമായി ആസ്വദിക്കുന്നവരും കളി കാര്യമാക്കുന്നവരുമുണ്ട്. ഏപ്രിൽ ഫൂളിനെച്ചൊല്ലി തല്ലുകൂടേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇത്തവണ വീടുകളിൽ ഒതുങ്ങിക്കൂടുന്നവരും ഫൂളാക്കാൻ കാലേക്കൂട്ടി തയ്യാറെടുപ്പ് നടത്തിയിരുന്നു.
തുടക്കം ഫ്രാൻസിൽ
നാനൂറ് കൊല്ലം മുൻപ് ഫ്രാൻസിലായിരുന്നു വിഡ്ഢി ദിനത്തിന്റെ തുടക്കം. യൂറോപ്പിലെ പല രാജ്യങ്ങളിലും അക്കാലത്ത് പുതുവർഷം തുടങ്ങിയിരുന്നത് ഏപ്രിൽ മാസത്തിലായിരുന്നു. ജൂലിയൻ കലണ്ടർ മാറ്റി ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റമുണ്ടായപ്പോൾ പുതുവർഷം ജനുവരി ഒന്നിലേക്ക് മാറി. ഫ്രാൻസിലെ ഭരണാധികാരികൾ ജനുവരി ഒന്നുമുതൽ വർഷം തുടങ്ങുന്ന കലണ്ടർ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. മാർച്ച് 25 മുതൽ ഏപ്രിൽ 1വരെ നീളുന്നതായിരുന്നു അതുവരെ ഫ്രാൻസിലെ പുതുവത്സര ആഘോഷം. പുതുവർഷം മാറിയതറിയാതെ വീണ്ടും അതേ ദിവസങ്ങളിൽ പുതുവത്സരം ആഘോഷിച്ചവരെ വിഡ്ഢികളെന്ന് വിളിച്ചാണ് വിഡ്ഢിദിനാചരണത്തിന് തുടക്കമിട്ടത്. ഇംഗ്ളീഷ് സാഹിത്യകാരനായ ജെഫ്രി ചോസറിന്റെ കാന്റർബെറി കഥയിൽ നിന്നാണ് ഏപ്രിൽ ഫൂൾസ് ദിനം തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്. കഥയിൽ കടന്നുകൂടിയ മാർച്ച് 32 എന്ന പരാമർശമാണ് വിഡ്ഢിദിനത്തിലേക്ക് വഴിവച്ചതെന്നാണ് അക്കൂട്ടർ പറയുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയിൽ വിഡ്ഢിദിനത്തിന് പ്രാധാന്യം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |