കൊച്ചി: ''പ്രളയം ടി.വി യിൽ മാത്രം കണ്ട സി.പി.എം നേതാക്കൾ പോലും ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തു. പ്രളയം ബാധിക്കാത്ത കാക്കനാട് ഇത്തരത്തിൽ ലക്ഷങ്ങളുടെ പ്രളയ ദുരിതാശ്വാസ ഫണ്ടാണ് തിരിമറി നടത്തിയത്''. കൊറോണ വ്യാപന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ മഹാ പ്രളയ തട്ടിപ്പ് ഓർമ്മപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്തവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്ക് 1000 ഇ-മെയിൽ അയച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും ഇ- മെയിൽ അയച്ചു പ്രതിഷേധ പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കത്തിന്റെ പൂർണ രൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
കൊറോണ വൈറസ് വ്യാപനത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി, ഒരേമനസോടെ പൊരുതുകയാണ്. ജനങ്ങൾ സർക്കാർ നിർദ്ദേശം പൂർണ്ണമായും പാലിച്ചു വീടുകളിൽ സുരക്ഷിതരായിക്കുന്നു. ഈ അവസരത്തിൽ സംസ്ഥാന സർക്കാർ മൂടിവയ്ക്കാൻ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് ഞാൻ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. സമീപ വർഷങ്ങളിൽ നമ്മുടെ നാടിനെ ബാധിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു 2018 വർഷത്തെ പ്രളയം. കഴിഞ്ഞ വർഷവും പ്രളയം നമ്മെ ദുരിതത്തിലാഴ്ത്തിയെങ്കിലും മലയാളികളുടെ സ്വതസിദ്ധമായ ഒത്തൊരുമയിൽ അതിനെയെല്ലാം നമ്മൾ അതിജീവിച്ചു.
എന്നാൽ ഇപ്പോഴും പ്രളയ ദുരിതാശ്വാസം ഇനിയും ലഭിച്ചിട്ടില്ലാത്ത ഒരുപാട് പേർ ഉണ്ട് എന്നത് ഒരു വേദനയാണ്. അർഹരായവർക്ക് അത് ഉടൻ തന്നെ വിതരണം ചെയ്യണം. അങ്ങയുടെ ആഹ്വാന പ്രകാരം രാഷ്ട്രീയ സാമൂഹ്യ ഭാഷാഭേദമെന്യേ നന്മയുള്ളവർ സംഭാവനയായി നൽകിയ തുകയാണ് ഇത്. ഈ തട്ടിപ്പിന് കൂട്ടു നിൽക്കുന്നത് തന്നെ നമ്മുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
പ്രളയം ബാധിക്കാത്ത, ടെലിവിഷനിൽ മാത്രം കണ്ട സി.പി.എം നേതാക്കൾ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തു എന്ന വാർത്ത ഏറെ വേദനാജനകമാണ്. പ്രതികളായ സി.പി.എം പ്രാദേശിക നേതാക്കളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് അങ്ങ് നേതൃത്വം നൽകുന്ന സർക്കാർ സ്വീകരിക്കുന്നത്. കൊറോണ ബാധിതർക്കായി സ്വീകരിക്കുന്ന ദുരിതാശ്വാസ ഫണ്ടും ഇത്തരത്തിൽ പാർട്ടി നേതാക്കൾക്ക് തട്ടിയെടുക്കാനുള്ള അവസരം ഒരുക്കുമെന്ന് ന്യായമായും ഇത്തരം സംഭവങ്ങളിലൂടെ സംശയിക്കേണ്ടതുണ്ട്. കളക്ടറേറ്റിൽ നടന്ന പ്രളയ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. അങ്ങേക്ക് ഈ കാര്യത്തിൽ അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ എത്രയും വേഗത്തിൽ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കോവിഡ് 19 ദുരിതാശ്വാസ നിധിയുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |