പൂരം പ്രദർശനം ഉണ്ടാവില്ല, ഒൗദ്യോഗിക പ്രഖ്യാപനം 15 ന്
തൃശൂർ: ''ഈ വൈറസ് കാരണം മ്മ്ടെ പൂരം ലോക്കാവില്ല...വടക്കുന്നാഥനും തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും എല്ലാ ദുരിതങ്ങളും മാറ്റും...'' വിശ്വാസികളുടെയും പൂരപ്രേമികളുടെയും പ്രാർത്ഥനകൾക്ക് ഒരേ സ്വരം. മേയ് രണ്ടിനാണ് പൂരം. അതിനു മുന്നോടിയായുളള പൂരം പ്രദർശനം നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ദേവസ്വങ്ങൾക്ക് യോഗം ചേരാൻ കഴിയാത്തതിനാൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
രാജ്യം ലോക്ക് ഡൗണായ നേരം മുതൽക്കേ പൂരത്തെ ചൊല്ലി ആശങ്കപ്പെട്ടവരേറെയാണ്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടു കാലം ഉണ്ടാവാതിരുന്ന ആശങ്ക പങ്കിടുമ്പോഴും പ്രത്യാശയിലാണ് ഓരോ തൃശൂർകാരനും. 1962 ൽ ചൈനീസ് പട യുദ്ധത്തിന് വന്നപ്പോൾ പൂരം മുടങ്ങിയിരുന്നു. ഈയാണ്ടിലാകട്ടെ, ചൈനയിൽ പിറന്ന വൈറസാണ് പൂരപ്രേമികളെ വേദനിപ്പിക്കുന്നത്.
ചൈന, ഇന്ത്യ പിടിക്കാനെത്തിയ അക്കാലം വീട്ടിലിരുന്ന് ഓർക്കുന്നുണ്ട് പഴമക്കാർ: നെഹ്‌റുവാണ് അന്ന് പ്രധാനമന്ത്രി. ഡോ. രാധാകൃഷ്ണൻ രാഷ്ട്രപതിയും. കവചിത സേനയും പീരങ്കിപ്പടയും കാലാൾപ്പടയുമെല്ലാം പടവെട്ടാൻ ലഡാക്കിലേക്ക് പാഞ്ഞു. ഒക്‌ടോബറിൽ തുടങ്ങിയ ഇന്ത്യയുടെ മേലുള്ള ചൈനയുടെ ആക്രമണം ഡിസംബറിലാണ് തീർന്നത്. യുദ്ധം രാജ്യത്തിന്റെ സാമ്പത്തികനില തകർത്തു. നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ക്ഷാമവും വിലക്കയറ്റവും നേരിട്ടു. കുടുംബങ്ങൾ പട്ടിണിയിലായി. തിരുവമ്പാടിക്കാരും പാറമേക്കാവുകാരും ഒന്നായി പറഞ്ഞു, പൂരം വേണ്ടെന്ന്. 1963 ൽ അങ്ങനെ പൂരം ആഘോഷമില്ലാതെ, ചടങ്ങായി. പൂരം ശ്ലോകത്തിലുമാകാമെന്ന് പറഞ്ഞ് ഭാഷാപ്രേമികൾ ഒത്തുകൂടി. അവർ മത്സരിച്ച് അക്ഷരശ്ലോകം ചൊല്ലി പൂരംകൊണ്ടാടി! അത് പതിറ്റാണ്ടുകളോളം തുടർന്നു. 1930 ൽ കനത്ത മഴയെ തുടർന്ന് മുഴുവൻ ആനകളെയും എഴുന്നള്ളിച്ചിരുന്നില്ല. 1948 ൽ മഹാത്മാഗാന്ധിയുടെ മരണത്തെ തുടർന്നും ചടങ്ങാക്കി. 1964 നുശേഷം പൂരവും പ്രദർശനവും മുടങ്ങാതെ കൊണ്ടാടിയിട്ടുണ്ട്.
''ലോക്ക് ഡൗൺ ആയതിനാൽ പൂരം പ്രദർശനം നടത്തേണ്ടതില്ല എന്ന ധാരണയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം 15 ന് നടക്കുന്ന യോഗത്തിനു ശേഷമേ ഉണ്ടാകൂ. പ്രദർശന കമ്മിറ്റിയുടെയും പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെയും സംയുക്ത യോഗത്തിനു ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.
-പ്രൊഫ. എം. മാധവൻകുട്ടി,
തിരുവമ്പാടി ദേവസ്വം സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |