കൊല്ലം: അർജുനൻ മാഷിന്റെ വിയോഗം ഒട്ടൊന്നുമല്ല നടൻ മുകേഷിനെ വേദനിപ്പിച്ചത്. മാഷുമായി ബന്ധപ്പെട്ട തന്റെ കുട്ടിക്കാലത്തെ സംഭവകഥ ഓർമ്മിക്കുകയാണ് മുകേഷ്.
'ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. മാഷ് അന്ന് കാളിദാസ കലാകേന്ദ്രത്തിന്റെ അറിയപ്പെടുന്ന ഹാർമോണിസ്റ്റാണ്.
സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ വലിയ നാടകക്കമ്പനികളെല്ലാം ഉത്തരേന്ത്യയിൽ കളിക്കാൻ പോകും. ഒരു തവണ അച്ഛൻ (ഒ.മാധവൻ) പറഞ്ഞു, നീ പുസ്തകം പഠിച്ചാൽ മാത്രം പോര, പല സ്ഥലങ്ങളും നേരിൽ കണ്ട് ജീവിത യാഥാർത്ഥ്യങ്ങൾ അറിയണം. കൂടെ പോരൂ.
മുംബയിൽ നാടകം കഴിഞ്ഞ് ഗുജറാത്തിലെത്തി. അഹമ്മദാബാദിലാണ് താമസം. തുണിമില്ലുകൾ കാണണമെന്ന് ഞാൻ അച്ഛനോട് ആഗ്രഹം പറഞ്ഞു. അച്ഛൻ പ്രദേശവാസികൾ വഴി സന്ദർശനം തരപ്പെടുത്തി. പിറ്റേന്ന് രാവിലെ പോകാറായപ്പോഴാണ് കുട്ടികളെ തുണിമില്ലിൽ കയറ്റില്ലെന്നറിയുന്നത്. ധാരാളം മെഷിനറികൾ ഉള്ളതിനാലാണ്. അച്ഛനും സംഘവും എന്നെകൂട്ടാതെ മില്ല് കാണാൻ പോയി. അവരുടെ കാറിന്റെ പിന്നാലെ ഓടിയെത്തിയാൽ എന്നെയും തുണിമില്ലിൽ കയറ്റിയേക്കുമെന്ന് ഞാൻ വിചാരിച്ചു. ഓടിയപ്പോഴാണ് മില്ല് വളരെ അകലെയാണെന്ന് ബോദ്ധ്യമായത്. എത്താതായപ്പോൾ തിരികെ ഓടി. വഴി തെറ്റി ഞാൻ എങ്ങോട്ടോ പോയി.
എന്നെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ പരിഭ്രാന്തിയിലായി. അർജ്ജുനൻ മാഷും നെല്ലിക്കോട് ഭാസ്‌കരനും മണവാളൻ ജോസഫും ഒരു സൈക്കിൾ റിക്ഷയിൽ എന്നെ തേടിയിറങ്ങി. ഇവർക്ക് ഹിന്ദിയിലെ 'ചലോ" എന്ന വാക്ക് മാത്രം അറിയാം. റിക്ഷാക്കാരനോട് 'ചലോ ചലോ " എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. നീല നിക്കറും വെള്ള ഷർട്ടുമായിരുന്നു എന്റെ വേഷം. അഹമ്മദാബാദിലെ വലിയൊരു മാർക്കറ്റിനടുത്ത് എന്നെക്കണ്ട അർജ്ജുനൻ മാഷ് ഓടിവന്ന് പിടിച്ചു.
ഞാൻ കുതറിയോടാൻ നോക്കി. ഞാൻ വരില്ല, മില്ലിൽ കൊണ്ടുപോയില്ലല്ലോ എന്നൊക്കെ പറഞ്ഞെങ്കിലും പൊക്കിയെടുത്ത് തോളിലിട്ടു. അച്ഛന്റെ മുന്നിൽ ഹാജരാക്കി.
പിന്നെ ഒരിക്കലും അച്ഛൻ എന്നെ യാത്രകൾക്ക് കൊണ്ടുപോയിട്ടില്ല. ഈ സംഭവം ഒരിക്കൽ ഞാൻ മോഹൻലാലിനോട് പറഞ്ഞു. പൊട്ടിച്ചിരിച്ച അദ്ദേഹം പറഞ്ഞത്, അർജ്ജുനൻ മാഷ് നിന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്ന് യാചകരുടെ ഇടയിലിരുന്ന് നീ കോമഡി പറഞ്ഞേനെയെന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |