കോട്ടയം: ലോക്ക്ഡൗൺ കാലത്തും ഹാഷിഷ് ഓയിൽ കടത്ത്. വാകത്താനത്ത് രണ്ടു പേർ പിടിയിൽ. സി.ഐ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് കണ്ണൻചിറയിൽ നടത്തിക്കൊണ്ടിരുന്ന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ഇവരെ പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് കണ്ടെടുത്തത്.
തുരുത്തിവടക്കേക്കുറ്റ് മിഥുൻ തോമസ് (30), ചങ്ങനാശേരി കുരിശുംമൂട് കാഞ്ഞിരത്തുങ്കൽ സാജു ജോജോ (25) എന്നിവരാണ് പിടിയിലായത്. ലോക്ഡൗണിന്റെ ഭാഗമായി ബൈക്ക് തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് ഇവർ കുടുങ്ങിയത്. സംശയം തോന്നി ബൈക്ക് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ദേഹപരിശോധന നടത്തവേയാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷ് കണ്ടെടുത്തത്.
കെ.കെ.റോഡ് 14-ാം മൈലിൽ ഉള്ള ആളുടെ പക്കൽ നിന്നാണ് ഹാഷിഷ് വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കാറിൽ കൊണ്ടുപോയി ആവശ്യക്കാർക്കും കച്ചവടക്കാർക്കും ഹാഷിഷ് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. ലോക്ഡൗൺ ആയതിനാൽ കാർ റോഡിലിറക്കിയാൽ പൊലീസ് പിടിക്കുമെന്നും അതിനാൽ വീട്ടിലെത്തിയാൽ തരാമെന്നും പറഞ്ഞതിനാലാണ് മിഥുനും സാജുവും ചേർന്ന് 14-ാം മൈലിലെ വീട്ടിലെത്തിയാണ് ഹാഷിഷ് ഓയിൽ വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
ഇതിന് അര ലക്ഷം രൂപയിലധികം വിലവരുമെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ എവിടെനിന്നാണ് ഇത് കൊണ്ടുവരുന്നതെന്ന് വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. എസ്.ഐ ചന്ദ്രബാബു, പി.ടി മാത്യു, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികുമാർ, പി.എസ്.ബിനു, എസ്.അതുൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |