മകന് കൊവിഡ് ഭേദമായതിൽ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിച്ച് സംവിധായകൻ എം. പത്മകുമാർ. ഫേസ് ബുക്കിൽ പേജിലൂടെയാണ് പത്മകുമാർ നന്ദി അറിയിച്ചിരിക്കുന്നത്.
ഫേസ് ബുക്ക് കുറിപ്പ്:
'എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കൊവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സർവ്വവും സമർപ്പിച്ച് പൊരുതുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റുള്ളവർ എന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്‌നേഹവും.
ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കളക്ടർ എസ്.സുഹാസിനും ഒരുപാടു സ്‌നേഹം. ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ വളരെ ആത്മാർത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ് .നമ്മൾ ഇതും അതിജീവിക്കും''.
ഫ്രാൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ആകാശും എൽദോയും .മാർച്ച് 16നാണു ഇവർ ഡൽഹിയിലെത്തിയത്. പാരിസിൽ വച്ചു കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി ഇവർക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. 17നു കൊച്ചിയിലെത്തിയ ഇവർക്കു രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം ലഭിച്ചു. തുടർന്ന് രണ്ടുപേരും ഒരു വീട്ടിൽ തന്നെ കഴിയുകയായിരുന്നു. മാർച്ച് 22ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഇവരെ കളമശേരി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |