സംസ്ഥാനവും സത്യവാങ്മൂലം നൽകണം
കൊച്ചി : കൊവിഡ് ഭീഷണിയെത്തുടർന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് എന്തെങ്കിലും നയതീരുമാനം എടുത്തിട്ടുണ്ടോ എന്നും ഇവരുടെ യാത്രയുമായി ബന്ധപ്പെട്ട് മെഡിക്കൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോയെന്നും കേന്ദ്ര സർക്കാർ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേം.
ടൂറിസ്റ്റ്, ട്രാൻസിറ്റ് വിസാ കാലാവധി കഴിഞ്ഞിട്ടും യാത്രാ വിലക്കിനെത്തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയവർ, അടിയന്തര ചികിത്സ വേണ്ടവർ, ജോലിയും ശമ്പളവുമില്ലാതെ കഷ്ടപ്പെടുന്നവർ എന്നിവരെ തിരിച്ചെത്തിക്കാൻ കേന്ദ്രത്തിനു നിർദ്ദേശം നൽകണമെന്ന പൊതുതാത്പര്യ ഹർജിയിലാണ് നിർദ്ദേശം. ഇവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാടു വ്യക്തമാക്കി സത്യവാങ്മൂലം നൽകണം. ഇങ്ങനെ തിരിച്ചെത്തുമ്പോൾ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ സ്വീകരിച്ച നടപടി വ്യക്തമാക്കി സംസ്ഥാന സർക്കാരും സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു.
ദുബായിലെ കേരള മുസ്ളിം കൾച്ചറൽ സെന്റർ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, പ്രവാസി വ്യവസായി അഫി ഉദിന്നൂർ പക്രുമേഡ് എന്നിവർ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഏപ്രിൽ 17 ന് ഹർജി വീണ്ടും പരിഗണിക്കും.
സംസ്ഥാനം ലോകത്തിന് മാതൃക
കൊവിഡിനെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ മികച്ചതാണെന്നും ലോകത്തിനാകെ മാതൃകയാണെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. വിദേശത്തു നിന്ന് ആളുകൾ തിരിച്ചെത്തുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനം കൂടുതൽ ജാഗ്രത കാട്ടണം. അതേസമയം, സമാന വിഷയത്തിൽ പ്രവാസി സെല്ലിന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. വിദേശത്ത് കുടുങ്ങിയവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് മുഖ്യമന്ത്രി കത്തെഴുതിയിരുന്നെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |