ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ 2.30 മുതൽ 3 വരെയുള്ള സമയത്ത് വിഷുക്കണി ദർശനമുണ്ടാകും. എന്നാൽ വിഷുക്കണി ദർശനത്തിന് ഭക്തർക്ക് അനുമതിയില്ല.
തിങ്കളാഴ്ച രാത്രി ത്രിപ്പുകയ്ക്കു ശേഷം ചുമതലയിലുള്ള ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ശ്രീലകത്ത് വിഷുക്കണി ഒരുക്കും. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണക്കലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, നന്ത്യാർവട്ടം, കണിക്കൊന്ന, സ്വർണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ. മേൽശാന്തി സുമേഷ് നമ്പൂതിരിയാണ് പുലർച്ചെ 2.15ന് ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാണുക. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്പര്യ പ്രവൃത്തിക്കാരും ഉദ്യോഗസ്ഥരും മാത്രമേ ക്ഷേത്രത്തിനകത്ത് ഉണ്ടാകൂ. വിഷു നമസ്‌കാര സദ്യ ഇത്തവണ ആഘോഷമില്ലാതെ രണ്ട് പേർക്ക് മാത്രം ഇലയിട്ട് വിളമ്പി നടത്തുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസും അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിറും വാർത്താക്കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |