കരുതലും സ്നേഹവും ഓർമ്മിപ്പിക്കുന്ന കുഞ്ഞൻവീടുകൾ, അതാണ് യുവസംരംഭകയും ഡിസൈനറുമായ ലക്ഷ്മി മേനോന്റെ കോ വീടുകൾ. ഈ കൊറോണക്കാലത്ത്, ഇല്ലാത്തവന് വേണ്ടി ഒരു പിടി അരി മാറ്റി വയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാതൃക. നാട് അപ്രതീക്ഷിതമായി ലോക്ക്ഡൗണിലേക്ക് നീങ്ങിയ സമയത്ത് എന്ത് ചെയ്യാമെന്നതായിരുന്നു ലക്ഷ്മിയുടെ മനസിലെ ചിന്ത. വെറുതേ സമയം തീർക്കുന്നതിലല്ല മറ്റുള്ളവർക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണം എന്ന ആലോചന അവസാനിച്ചത് കോ വീടിലായിരുന്നു. കോവിഡിന്റെ ഭീതി നിലനിൽക്കെ തന്നെ ആ പേരിനെ അല്പം പരിഷ്കരിച്ച് തന്റെ പുതിയ ആശയത്തിന് കോ വീട് എന്ന് പേരും നൽകി. ലക്ഷ്മിയുൾപ്പെടെ പത്ത് പേര് അടങ്ങുന്ന സംഘമാണ് ഇപ്പോൾ കോ വീടിന്റെ ഭാഗമായിരിക്കുന്നത്, അതും പല സ്ഥലങ്ങളിൽ നിന്നുള്ളവർ. കുട്ടിക്കാലത്ത് കണ്ടു മറന്ന പിടിയരി എന്ന പഴമക്കാരുടെ സന്ദേശം കൂടി ലക്ഷ്മി ഈ കോവീടിലൂടെ മലയാളികളെ ഓർമ്മിപ്പിക്കുകയാണ്.
''ചെറുപ്പത്തിൽ അമ്മൂമ്മയും അമ്മയുമൊക്കെ പത്തായത്തിൽ നിന്ന് അരിയെടുക്കുമ്പോൾ ഒരുപിടി അരി മാറ്റി വയ്ക്കുന്നതു കണ്ടിട്ടുണ്ട്, അന്നത് കൃത്യമായി മനസിലായില്ല. വളരുന്തോറും അതിനുള്ള ഉത്തരവും കിട്ടി. ആവശ്യക്കാർക്ക് കൊടുക്കാനുള്ളതാണ് അത്, ദിവസവും മാറ്റി വയ്ക്കുന്ന പിടിയരി കൂട്ടിവയ്ക്കുമ്പോൾ ഒരുപാടുണ്ടാകും. അതു തന്നെയാണ് എന്റെ കോ വീടുകളും. സാമ്പത്തിക സുരക്ഷിതത്വമുള്ളവർക്ക് ലോക്ക് ഡൗൺ കാലം കഴിഞ്ഞാലും പ്രശ്നങ്ങളുണ്ടാകില്ല. പക്ഷേ ദിവസക്കൂലിക്കാരുടെ അവസ്ഥ ഇതല്ല, അവർക്ക് പട്ടിണിയാകും മുഖ്യവിഷയം. ഇത് അവർക്ക് വേണ്ടിയുള്ള കരുതലാണ്. "" ലക്ഷ്മി പറയുന്നു.
നിറയ്ക്കാം പുതുവെളിച്ചം
കാർഡ് ബോർഡ് കൊണ്ട് ആർക്കും നിർമ്മിക്കാം ഈ കൊച്ച് വീടുകൾ. www. coveed.in എന്ന വെബ്സൈറ്റിൽ ഉണ്ടാക്കേണ്ട രീതിയും അളവുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ നിർമ്മിക്കുന്ന ഓരോ വീടിനകത്തും കേടാകാത്ത ഭക്ഷ്യവസ്തുക്കളാണ് നിറച്ചു വയ്ക്കുന്നത്. അവൽ, മലർ, പയർ, സേമിയ, ചായപ്പൊടി, നുറുക്ക് ഗോതമ്പ്,പരിപ്പ് അങ്ങനെ ഏഴു വിഭവങ്ങൾ. ഇത് ഓരോ ആഴ്ചയും ആവർത്തിക്കും. ഓരോ തവണയും അര കപ്പ് വീതമാണ് സ്റ്റോർ ചെയ്യുന്നത്. ലോക് ഡൗൺ കഴിയുമ്പോൾ അതൊരു വലിയ അളവാകും, വിശപ്പിന്റെ വിലയറിഞ്ഞ ആർക്കു വേണമെങ്കിലും സമ്മാനമായി നൽകാം. ദിവസവും മാറ്റുന്നത് വളരെ ചെറിയൊരളവായതു കൊണ്ട് തന്നെ സമ്മാനിക്കുന്നവനും അതൊരു ബുദ്ധിമുട്ടാകില്ല. ഓരോ വീടിനെയും നിറം കൊടുത്തും വ്യത്യസ്തങ്ങളായ ഡിസൈനുകൾ നൽകിയുമാണ് അണിയിച്ചൊരുക്കേണ്ടത്.
ചുറ്റുമുള്ളവരുടെ പട്ടിണി മാറ്റാൻ ചെറിയൊരു ശ്രമമായിട്ടാണ് ലക്ഷ്മി ഇതിനെ കാണുന്നത്. ഇതൊരു തുടക്കം മാത്രമാണ്, ഇതു കഴിയുമ്പോൾ സ്കൂളുകൾ വഴിയും കോവീടുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്, അത് വഴി കരുതലിന്റെ ഒരു പാഠം കൂടി പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാം. ലക്ഷ്മിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഉള്ളവൻ ഇല്ലാത്തവന് കൂടി കൊടുക്കുക എന്ന ചൊല്ലില്ലേ, ആ സന്ദേശം കൈമുതലാക്കി നമുക്കുള്ളതിന്റെ ഒരംശം അർഹതപ്പെട്ട മറ്റുള്ളവർക്ക് കൂടി ഇത്തരത്തിൽ കരുതി വയ്ക്കാം. റെസിഡൻസ് അസോസിയേഷനുകളും സ്ഥാപനങ്ങളും സംഘടനകളുമൊക്കെ മുന്നോട്ട് വരണമെന്ന അഭ്യർത്ഥനയും അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിലൂടെ നാടിന്റെ പല ഭാഗത്തേക്കും കോവീടുകൾ എന്ന ആശയം എത്തിക്കാൻ കഴിയും. ലോക്ക് ഡൗൺ കഴിഞ്ഞാലും ആർക്കും ഇത് തുടരാവുന്നതേയുള്ളൂ.
മറ്റുള്ളവരുടെ വേദനയും നിസഹയാവസ്ഥയും എന്നും ലക്ഷ്മിക്ക് ആശങ്കകളായിരുന്നു, സാമൂഹിക സേവനം ചെറുപ്പം മുതലേ കണ്ടു വളർന്ന ആളാണ്, വീടും ചുറ്റുപാടുമൊക്കെ അത് കൂടുതൽ ഊട്ടിയുറപ്പിച്ചു. സഹായം തേടി വീട്ടുപടിക്കലെത്തിയവർ ഒരുപാടുണ്ട്. അന്നത്തെ ആ കാഴ്ചകളാണ് ലക്ഷ്മിയെ ഇന്ന് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
''ജനിച്ചത് സാമ്പത്തിക സുരക്ഷിതത്വമുള്ള വീട്ടിലായിരുന്നു, അത് പക്ഷേ എന്റെ നേട്ടമല്ല, നമ്മൾ തിരഞ്ഞെടുക്കുന്നതല്ലല്ലോ എവിടെ ജനിക്കണമെന്ന കാര്യം, ചിലർ പാവപ്പെട്ട വീട്ടിൽ ജനിക്കുന്നു, എല്ലാവർക്കും ഒരേ ജീവിത സാഹചര്യങ്ങളാകില്ല. അതൊന്നും ആരുടെയും കുറ്റമല്ല. പക്ഷേ നമുക്ക് ചെയ്യാൻ കഴിയുന്ന കുറച്ച് കാര്യങ്ങളുണ്ട്.""
മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതിലും വലിയൊരു സന്തോഷം മറ്റെന്തുണ്ടെന്നാണ് ലക്ഷ്മി ചോദിക്കുന്നത്.
ചേക്കുട്ടി മാത്രമല്ല
പ്രളയം വന്ന സമയത്ത് ഏറെ കേട്ട പേരാണ് ചേക്കുട്ടിയുടേത്. അതിന്റെ പിന്നിലും ലക്ഷ്മിയുണ്ടായിരുന്നു. ചേക്കുട്ടിയെ അന്ന് അതിജീവനത്തിന്റെ മാതൃകയായിട്ടാണ് അവതരിപ്പിച്ചത്, അമ്മൂമ്മത്തിരി സ്വന്തം അമ്മൂമ്മ ഭവാനിയ്ക്ക് വേണ്ടി ചെയ്തതാണ്, പിന്നീടത് മലയാളികളായ ഒരുപാട് അമ്മൂമ്മമാർക്കായി സമർപ്പിച്ചു. വെറുതെയിരിക്കുന്ന അമ്മൂമ്മമാർക്ക് സമയവും പോകും, ഒരു വരുമാനവും കിട്ടും. തെരുവിലുറങ്ങുന്നവർക്ക് വേണ്ടി ഒരുക്കിയ കിടക്കകളുടെ പദ്ധതിയാണ് 'ശയ്യ", തയ്യൽക്കടകളിൽ ബാക്കി വരുന്ന തുണി കൊണ്ട് സൂചിയും നൂലും ഉപയോഗിക്കാതെ മുടി പിന്നുന്നതു പോലെയാണ് ഈ കിടക്കകൾ നിർമ്മിക്കുന്നത്. ഏറെ ജനകീയമായ മറ്റൊരു പദ്ധതി വിത്തു പേനയായിരുന്നു. പേപ്പർ കൊണ്ടുണ്ടാക്കിയ ഓരോ പേനയിലും ഓരോ വിത്തുകൾ കൂടി ഉൾപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ പേനകളെ സമൂഹം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. എന്തുകൊണ്ട് വ്യത്യസ്തമായ ചിന്തകൾ പിന്തുടരുന്നുവെന്ന് ചോദിച്ചാൽ അതിന് ലക്ഷ്മി നൽകുന്ന ഉത്തരം ഇതാണ്, ''ഞാനൊരു ഡിസൈനറാണ്, എന്റെ പ്രൊഫഷൻ അതാണ്. ഫാഷൻ ഡിസൈനിംഗും ജ്വല്ലറി ഡിസൈനിംഗുമുണ്ട്, ചെറുപ്പം മുതലേ എന്ത് കാര്യത്തിലും ഒരു ക്രിയേറ്റീവ് വശം ഞാൻ കാണുമായിരുന്നു, പിന്നെ ഒരുപാട് വായിക്കും, പുതിയ പുതിയ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കും. ഇതൊക്കെയാകും വ്യത്യസ്തമായി ചിന്തിപ്പിക്കുന്നത്.""
എറണാകുളം കാഞ്ഞിരമറ്റത്താണ് ലക്ഷ്മിയുടെ കുടുംബം. അച്ഛൻ പി. കെ. നാരായണൻ, വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. അമ്മ ശ്രീദേവി, ചേട്ടൻ വാസുദേവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |