കൊച്ചി: സത്യവും സ്‌നേഹവും ആത്മവിശ്വാസവും മുറുകെപ്പിടിച്ചാൽ വിജയം ഉറപ്പെന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച വി. തിരുവെങ്കിടം. കേരളത്തിൽ പിറന്ന വസ്‌ത്ര ബ്രാൻഡായ 'ശീമാട്ടി"യെ ആഗോള ശ്രദ്ധയിലേക്ക് ഉയർത്തിയത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ്. ശീമാട്ടിയിലൂടെ, അദ്ദേഹം കേരളത്തെ നയിച്ചത് പട്ടിന്റെ വിസ്‌മയ ലോകത്തേക്കായിരുന്നു.
സാധാരണക്കാരന്റെ വസ്‌ത്രസങ്കല്‌പങ്ങൾക്ക് പുതിയ മാനം നൽകിയ തിരുവെങ്കിടം, സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതിരൂപമായിരുന്നു. മുഖത്ത് ഗൗരവമുണ്ടെങ്കിലും മനസുനിറയേ വാത്സല്യവും ബഹുമാനവും. ഒട്ടേറെ ദുർഘടങ്ങളുണ്ടായെങ്കിലും വളർച്ചയുടെ പടവുകൾ കയറാൻ അദ്ദേഹത്തിന് കരുത്തായതും ഈ സ്വഭാവവിശേഷണങ്ങളാണ്.
1930ൽ ആലപ്പുഴയിലാണ് വി. തിരുവെങ്കിടത്തിന്റെ ജനനം. അദ്ദേഹത്തിന്റെ അച്‌ഛൻ എസ്. വീരയ്യ റെഡ്ഡിയാരാണ് 1910ൽ ആലപ്പുഴയിൽ ആദ്യ 'ശീമാട്ടി" വസ്‌ത്രവ്യാപാര ശാലയ്ക്ക് തുടക്കമിട്ടത്.
നിയമബിരുദധാരിയായ തിരുവെങ്കിടം, അച്‌ഛനെ സഹായിക്കാൻ ഒപ്പം കൂടി. ഏത് കാര്യത്തെയും ക്ഷമയോടെ അഭിമുഖീകരിക്കാനുള്ള ശീലം തിരുവെങ്കിടത്തിന് ലഭിച്ചത് അച്ഛനിൽ നിന്നാണ്. 'തിരുവെങ്കിടം സ്വാമി" എന്നാണ് അദ്ദേഹത്തെ ഏവരും സ്നേഹത്തോടെ വിളിച്ചിരുന്നത്. 1946ൽ വീരയ്യ റെഡ്ഡിയാർ, കോട്ടയം ഷോറൂമിന് തുടക്കമിട്ടു. ആ ഷോറൂം, ഇന്നു കാണുന്നവിധം വിശാലമായി വളർത്തിയതിന് പിന്നിലെ ഇച്ഛാശക്തി തിരുവെങ്കിടം സ്വാമിയുടേതായിരുന്നു. 1971ൽ തിരുവെങ്കിടം സ്വാമി, എറണാകുളം മാധവ ഫാർമസി റോഡിൽ ശീമാട്ടിയുടെ കൊച്ചി ഷോറൂമിന് തുടക്കമിട്ടു.
സാധാരണക്കാരനൊപ്പം എന്നും നിലകൊള്ളുന്നതാണ് ശീമാട്ടിയുടെ വിജയരഹസ്യം. ഈ വിജയമന്ത്രം ശീമാട്ടിക്ക് സമ്മാനിച്ചത് തിരുവെങ്കിടം സ്വാമിയാണ്. കോട്ടയം ശീമാട്ടിയിൽ കാണാം, കുറഞ്ഞ വിലയ്ക്ക് മികവുള്ള വസ‌്ത്രങ്ങൾ ലഭിക്കുന്ന 'മിനി ബസാർ". മറ്റുള്ളവരെ സഹായിക്കുകയെന്നത് തിരുവെങ്കിടത്തിന്റെ ശീലം തന്നെയായിരുന്നു. ജീവകാരുണ്യത്തിലും എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചു. പക്ഷേ, അതൊന്നും അദ്ദേഹം പരസ്യമാക്കിയില്ല.
നൂറ്റാണ്ടിലേറെ കാലമായി ഇന്നും മലയാളികളുടെ പട്ടിന്റെ സങ്കല്പങ്ങൾക്ക് മിഴിവേകുകയാണ് ശീമാട്ടി. വർഷങ്ങൾക്ക് മുമ്പ് മകൾ ബീന കണ്ണന്, ശീമാട്ടിയുടെ കടിഞ്ഞാൺ അദ്ദേഹം കൈമാറി. തുടർന്ന്, വിശ്രമജീവിതം നയിച്ചുവരികേയായിരുന്നു അന്ത്യം.
അച്‌ഛൻ പകർന്ന കരുത്ത്
അച്‌ഛൻ പകർന്ന ആത്‌മവിശ്വാസമാണ്, ബിസിനസിലും ജീവിതത്തിലും തന്നെ മുന്നോട്ട് നയിക്കുന്ന കരുത്തെന്ന് മകളും ശീമാട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ അനുസ്‌മരിക്കുന്നു. വെല്ലുവിളികൾ ഉണ്ടാകുമ്പോഴേ, നമുക്ക് സ്വയം കരുത്തറിയാൻ കഴിയൂ. ഭർത്താവ് കണ്ണൻ വിടപറഞ്ഞപ്പോഴും ഇപ്പോൾ അച്‌ഛൻ മറയുമ്പോഴും കരുത്തേകുന്നത് ഈ ശക്തിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |