
ന്യൂഡൽഹി: മൊസാംബിക് മനുഷ്യാവകാശ പ്രവർത്തകയും ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ പത്‌നിയുമായ ഗ്രാക്ക മാച്ചലിന് 2025 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം. ഒരു കോടി രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സാമ്പത്തിക ശാക്തീകരണം, മാനുഷിക പ്രവർത്തനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡെന്ന് ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് അറിയിച്ചു.
മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അദ്ധ്യക്ഷനായ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. ആഫ്രിക്കൻ രാഷ്ട്രതന്ത്രജ്ഞയും മനുഷ്യാവകാശ വക്താവുമായ മാച്ചൽ ദുർബല സമൂഹങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പോരാടിയെന്ന് ജൂറി വിലയിരുത്തി. 1990കളിൽ, കുട്ടികളിൽ സായുധ സംഘർഷത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ പഠനത്തിന് നേതൃത്വം നൽകി. സ്ത്രീ ശാക്തീകരണം, കുട്ടികളുടെ വികസനം, സാമൂഹിക പരിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു. മൊസാംബിക് മുൻ പ്രസിഡന്റ് സമോറ മാച്ചലാണ് ആദ്യ ഭർത്താവ്. അതിനാൽ മൊസാംബിക്കിന്റെയും ദക്ഷിണാഫ്രിക്കയുടെയും പ്രഥമ വനിതയായി അറിയപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |