തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ നിയന്ത്രണത്തിലേക്ക് നീങ്ങുമ്പോൾ, ലോക്ക് ഡൗൺ ചങ്ങല പൊട്ടിച്ച് രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. കൊവിഡ് രോഗബാധിതരുടെ വിവരശേഖരണത്തിന് അമേരിക്കൻ കമ്പനിയായ സ്പ്രിൻഗ്ളറിനെ ചുമതലപ്പെടുത്തിയതിൽ ദുരുദ്ദേശ്യവും അഴിമതിയും ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ രംഗപ്രവേശം. അവരെ അടിക്കാൻ മുസ്ലീംലീഗ് എം.എൽ.എ കെ.എം.ഷാജിയുടെ പരാമർശത്തെ മുഖ്യമന്ത്രി ആയുധമാക്കിയതോടെ ഉയർന്ന ആരോപണ-പ്രത്യാരോപണങ്ങൾ സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും ഹോട്ട്സ്പോട്ടിലാക്കി..
അമേരിക്കൻ സ്വകാര്യ കമ്പനിക്ക് കേരളത്തിൽ നിന്ന് ഡാറ്റാ ചോരണത്തിന് ഇടതുസർക്കാർ വഴിയൊരുക്കിയെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന അപ്രഖ്യാപിത രാഷ്ട്രീയ ലോക്ക് ഡൗണിന് വിരാമമിട്ടത്. ദേശീയതലത്തിൽ ഡാറ്റാ ചോരണത്തിനെതിരെ നിലപാടെടുക്കുകയും ,സ്വതന്ത്ര സോഫ്റ്റ്‌വെയറിനായി നിലകൊള്ളുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ പ്രതിരോധത്തിലാക്കാൻ കൂടി ഉന്നമിട്ടാണ് ആരോപണം പ്രതിപക്ഷം കനപ്പിക്കുന്നത്. കേരളത്തിലെ അടിയന്തര സാഹചര്യം മറികടക്കാൻ ലഭിച്ച സൗജന്യ സേവനം ഉപയോഗപ്പെടുത്തിയെന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇതിൽ കാണേണ്ടെന്നാണ് ഇടതുകേന്ദ്രങ്ങളുടെ വാദം. ആധാറിലടക്കം വിവരശേഖരണം ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാരോപിക്കുന്ന ഇടതുപക്ഷത്തിന് ഇത് യോജിച്ചതാണോയെന്ന ചോദ്യം ഇരുതലമൂർച്ചയുള്ളതാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച കെ.എം. ഷാജിയുടേത് വികൃത മനസ്സാണെന്നാരോപിച്ചത് മുഖ്യമന്ത്രിയാണ്. യു.ഡി.എഫ് നേതാക്കൾ ഷാജിക്ക് വേണ്ടിയും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കൾ ഷാജിക്കെതിരെയും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |