തിരുവനന്തപുരം: സ്‌പ്രിൻക്ലർ ഇടപാടിൽ ഹൈക്കോടതി സംശയങ്ങൾ ആരാഞ്ഞത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതിയുടെ മുന്നിലൊരു ഹർജി വന്നാൽ വിശദാംശങ്ങൾ പരിശോധിച്ചാവുമല്ലോ തീരുമാനമെടുക്കുക. അതിന്റെ ഭാഗമായി ചില സംശയങ്ങൾ ചോദിച്ചതിൽ അപാകതയില്ല. മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങളിൽ ആദ്യമേ മറുപടി പറഞ്ഞതാണെന്നും ആരെങ്കിലും വിളിച്ചുപറയുന്നതിനെല്ലാം മറുപടി പറയാനല്ല തനിക്ക് സമയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തിലൊന്നും ഒരാശങ്കയുമില്ല. മടിയിൽ കനമുള്ളവനല്ലേ വഴിയിൽ പേടിക്കേണ്ടതുള്ളൂ. ആ ധൈര്യം തന്നെയാണ് ജീവിതത്തിലുണ്ടായിട്ടുള്ളത്. അവിടെ തന്നെയാണ് നിൽക്കുന്നത്. പറഞ്ഞയാൾ തെളിവ് കൊണ്ടുവരട്ടെ.
@ മകൾക്കെതിരായ ആരോപണം
ശുദ്ധ അസംബന്ധം
മകളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഐ.ടി കമ്പനിയുടെ വിലാസം എ.കെ.ജി സെന്ററാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. എ.കെ.ജി സെന്ററിന്റെ പേരിലാണോ കമ്പനി രജിസ്റ്റർ ചെയ്യുക? അങ്ങനെയാരെങ്കിലും ചെയ്യുമോ?
സ്‌പ്രിൻക്ലർ അധികൃതരുമായി അമേരിക്കയിൽ മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ, അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കരുത് എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നവർ തെളിവുകൾ കൊണ്ടുവരട്ടെ. അതിനൊരുപാട് മാർഗങ്ങളുണ്ടല്ലോ. ഇൻവെസ്റ്റിഗേറ്റിംഗ് രീതികളുള്ള നിങ്ങൾക്ക് (മാദ്ധ്യമപ്രവർത്തകർക്ക് ) എന്തെങ്കിലും കണ്ടെത്താനായോ? അതിഗൂഢമായ രാഷ്ട്രീയലക്ഷ്യത്തോടെ ചിലർ ആരോപണമുയർത്തുന്നു. ഇതൊന്നും ഒരു വേട്ടയാടലല്ല. ഇതിലും വലിയ വേട്ടയാടലുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കാര്യങ്ങൾ നേരത്തേ അറിയാനാകുമെന്ന് മാത്രം. നിങ്ങൾ മാത്രമല്ല, സർക്കാരിനെതിരായ ഗൂഢാലോചനയിൽ കൂടെ ആളുകളുണ്ടെന്ന് പറഞ്ഞിരുന്നു. അതൊക്കെ പുറത്ത് വരികയാണ്.
@ഉദ്യേഗസ്ഥരെ എന്തിന്
ആക്രമിക്കുന്നു?
സർക്കാർ സമിതിയെ വച്ചതും കോടതിയിലെ കേസും തമ്മിൽ ബന്ധമില്ല. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ ഗൗരവമായ ചില പ്രശ്നങ്ങൾ വന്നപ്പോൾ ഈ ഘട്ടത്തിൽ സ്വീകരിക്കേണ്ടതായിരുന്നോ അത്തരമൊരു തീരുമാനം, അങ്ങനെയൊരു തീരുമാനവുമായി മുന്നോട്ട് പോകേണ്ടതുണ്ടോ എന്നീ കാര്യങ്ങളിൽ വിദഗ്ദ്ധോപദേശം നൽകാനാണ് സമിതിയെ വച്ചത്. കേന്ദ്രതലത്തിൽ വലിയ അംഗീകാരം നേടിയ ഉദ്യോഗസ്ഥനാണ് സമിതി അദ്ധ്യക്ഷൻ. രണ്ടാമത്തെയാൾ ഇവിടെ ആരോഗ്യസെക്രട്ടറിയായി മികച്ച സേവനം നടത്തിയയാളാണ്. എന്തിനാണവരെ ആക്ഷേപിക്കുന്നത്? രാഷ്ട്രീയക്കാർ തമ്മിൽ ആക്ഷേപമാകാം. എനിക്കെതിരെ എന്റെ മറ്റാരെയെങ്കിലും ബന്ധപ്പെടുത്തി ആക്ഷേപം വന്നില്ലേ. അതിൽ വേവലാതിയില്ല. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ശരിയാണോയെന്നാണ് ചിന്തിക്കേണ്ടത്.
ഡേറ്റാ സുരക്ഷയെ പറ്റിയുള്ള സി.പി.ഐയുടെ വിമർശനത്തെപ്പറ്റി, ഓരോ ആൾക്കും ഓരോ അഭിപ്രായമുണ്ടാകുമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുണ്ടാകാത്തതിലെ വിഷമമാണ് ചിലർക്ക്. അങ്ങനെ ചിന്തിക്കുന്നവരാണ് പിന്നെയും പിന്നെയും വിഷയം ഉയർത്തിക്കൊണ്ടുവരുന്നത്.
@മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾ
തടഞ്ഞിട്ടില്ല
മാദ്ധ്യമങ്ങളെ കഴിഞ്ഞ ദിവസം ചോദ്യം ചോദിക്കാനനുവദിച്ചില്ലെന്ന് ചിലർ ആക്ഷേപമുന്നയിച്ചു. ഏഴ് മണിയായപ്പോൾ അവസാനിപ്പിക്കാമെന്നാണ് താൻ പറഞ്ഞത്. മാദ്ധ്യമങ്ങളുടെ ഏതെങ്കിലും ചോദ്യത്തെ ഇതുവരെ തടഞ്ഞിട്ടുണ്ടോ? താൻ വരുന്ന വഴിയിൽ മൈക്ക് പിടിച്ച് വന്നപ്പോൾ എതിർത്തിട്ടുണ്ട്. കാരണം എന്റെ അനുവാദത്തോടെയാണ് ചോദിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ചോദ്യത്തിൽ നിന്ന് മാറിപ്പോയിട്ടുണ്ടോ?- മുഖ്യമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |