വാഷിംഗ്ടൺ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ ശക്തമായ നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വരുത്തിവച്ച നാശനഷ്ടങ്ങൾക്ക് ചൈനയിൽ നിന്ന് നഷ്ടപരിഹാരം തേടിയേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു.
കൊറോണയെ പ്രഭവകേന്ദ്രത്തിൽ തന്നെ നശിപ്പിക്കാനാവുമായിരുന്നുവെന്നാണ് അമേരിക്ക കരുതുന്നതെന്നും ചൈനയുടെ നടപടികളിൽ ഒട്ടും തൃപ്തരല്ലെന്നും വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
വൈറസ് ബാധ ഉണ്ടായപ്പോൾത്തന്നെ ഇല്ലാതാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ലോകമെമ്പാടും പടർന്നുപിടിക്കുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു. ചൈനയെകൊണ്ടു കണക്കു പറയിക്കും. ശക്തമായ അന്വേഷണമാണ് അമേരിക്ക നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.
കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ ചൈനയ്ക്കുണ്ടായ പിഴവിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ പല രാജ്യങ്ങളും ആലോചിക്കുന്നതായും, 165 ബില്യൺ ഡോളറിന്റെ ബിൽ ചൈനയിലേക്ക് അയയ്ക്കാൻ ജർമ്മനി ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സമാനമായ നടപടി അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അതിലും എളുപ്പത്തിലുള്ള നടപടികളാവും അമേരിക്ക സ്വീകരിക്കുകയെന്നും ട്രംപ് പറഞ്ഞു. ജർമ്മനി ആവശ്യപ്പെട്ടതിനെക്കാൾ കൂടുതൽ തുകയെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയിൽ 55,000-ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥയ്ക്കു കനത്ത ഇടിവുണ്ടായി. ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |