സൂറിച്ച്: കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവച്ചിരിക്കുന്ന ദേശീയ ഫുട്ബാൾ ലീഗുകൾ പുനരാരംഭിക്കാൻ കഴിയുമോ അതോ റദ്ദാക്കേണ്ടിവരുമോ എന്ന കാര്യത്തിലെ അന്തിമ തീരുമാനം മേയ് 25-ാം തീയതിക്കുള്ളിൽ അറിയിക്കണമെന്ന് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ (യുവേഫ ) അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇൗ സീസണിലെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ റീ ഷെഡ്യൂൾ ചെയ്യുന്നതിനുവേണ്ടിയാണ് യുവേഫ 55 അംഗരാജ്യങ്ങൾക്കും ഡെഡ്ലൈൻ നൽകിയത്.
മാർച്ച് പകുതിയോടെ യൂറോപ്പിലെ മിക്കവാറും ലീഗുകൾ നിറുത്തിവയ്ക്കേണ്ടിവന്നിരുന്നു. ഇതിൽ ഒന്നുപോലും പുനരാരംഭിക്കാനായിട്ടില്ല. പലയിടത്തും ക്ളബുകൾ പരിശീലനം പുനരാംരഭിച്ച് വരുന്നതേയുള്ളൂ. മിക്ക ലീഗുകളിലും ചാമ്പ്യൻന്മാരെ കണ്ടെത്താനുമായിട്ടില്ല. പ്രമുഖ ദേശീയ ലീഗുകളിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്നവരാണ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്. അതുകൊണ്ടാണ് ഇൗ സീസണിൽ ഇനി മത്സരങ്ങൾ നടത്താനായില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് യോഗ്യതക്കാരെ നിശ്ചയിക്കണമെന്ന് ഫുട്ബാൾ അസോസിയേഷനുകളോട് യുവേഫ ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂൺ എട്ടിന് തുടങ്ങാൻ പ്രിമിയർ ലീഗ്
ഇംഗ്ളണ്ടിൽ കൊവിഡ് ശമിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജൂൺ എട്ടുമുതൽ കളി തുടങ്ങാനാണ് ഇംഗ്ളീഷ് പ്രിമിയർ ലീഗ് അധികൃതരുടെ തീരുമാനം. ടോട്ടൻഹാം ഉൾപ്പടെയുള്ള ടീമുകൾ ഇന്നലെ സാമൂഹ്യ അകലം പാലിച്ച് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിന് ശേഷം ലിവർപൂൾ ഇംഗ്ളീഷ് ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗ് ചാമ്പ്യന്മാരാകുന്നതിലേക്ക് കുതിക്കുന്നതിനിടെയാണ് കൊവിഡിന്റെ വരവ്. ലിവർപൂൾ 25 പോയിന്റ് ലീഡ് നേടിയിരിക്കുമ്പോഴായിരുന്നു ഇത്. ഒൻപത് കളികളേ ലിവർപൂളിന് ഇനി ശേഷിക്കുന്നുള്ളൂ. മൂന്ന് വിജയങ്ങൾക്കപ്പുറം ലിവർപൂളിന്റെ വിജയം ആധികാരികമാകും.നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ലെസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് ക്ളബുകൾ.
പോയിന്റ് ടേബിൾ
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
ലിവർപൂൾ - 29-82
മാഞ്ചസ്റ്റർ സിറ്റി 28-57
ലെസ്റ്റർ സിറ്റി 29-53
ചെൽസി 29-48
മാഞ്ചസ്റ്റർ യുണൈറ്റഡ് 29-45
സെരി എയിൽ പരിശീലനം
മേയ് 18ന് ശേഷം
ഇറ്റാലിയൻ സെരി എയിൽ ടീമുകൾ പരിശീലനത്തിന് ഇറങ്ങുന്നത് മേയ് 18ന് ശേഷം മതിയെന്നാണ് സർക്കാർ നിർദ്ദേശം. ജൂൺ രണ്ടാം വാരത്തോടെ ഇവിടെ കളി തുടങ്ങാനായേക്കും.കഴിഞ്ഞ എട്ട് സീസണുകളിലും കിരീടം നേടിയിരുന്ന യുവന്റസ് ഇക്കുറി തുടക്കത്തിൽ മുന്നിൽത്തന്നെയായിരുന്നു. പിന്നീട് ഇന്റർ മിലാന്റെയും ലാസിയോയുടെയും കുതിപ്പുകൾ പോരാട്ടത്തിന്റെ വീര്യം കൂട്ടി.യുവന്റസ് സീസണിൽ 26 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് ഇറ്റലിയിൽ കൊവിഡ് സംഹാരം തുടങ്ങിയത്. യുവെയുടെ മൂന്ന് താരങ്ങൾക്ക് രോഗം പിടിപെടുകയും സുഖപ്പെടുകയും ചെയ്തു. ഇപ്പോൾ ഒറ്റ പോയിന്റ് മാത്രം ലീഡിലാണ് യുവന്റസ്.
പോയിന്റ് ടേബിൾ
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
യുവന്റസ് 26-63
ലാസിയോ 26-62
ഇന്റർ മിലാൻ 25-54
അറ്റലാന്റ 25-48
എ.എസ് റോമ 26-45
ലാ ലിഗ അടച്ചിട്ട മൈതാനത്ത്
ഇൗ സീസണിലെ ബാക്കി മത്സരങ്ങൾ എന്ന് തുടങ്ങാനാകും എന്ന് ഉറപ്പില്ലെങ്കിലും സ്പാനിഷ് ലാലിഗ ഫുട്ബാളിന്റെ കാര്യത്തിൽ ഒരു കാര്യം ഉറപ്പാണ്, ഇൗ വർഷം കളി കാണാൻ ആരും സ്റ്റേഡിയത്തിലേക്ക് വരേണ്ട. വർഷം മുഴുവൻ ഗാലറികൾ അടച്ചിടാൻ സർക്കാരാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ലീഗിൽ 27 മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് പോയിന്റ് വ്യത്യാസത്തിൽ ബാഴ്സലോണയാണ് മുന്നിൽ. ബാഴ്സലോണ തന്നെയാണ് നിലവിലെ ചാമ്പ്യന്മാർ. ഒാരോ ടീമിനും 11 മത്സരങ്ങളാണ് ശേഷിക്കുന്നത്. കഴിഞ്ഞ മാസം നടന്ന എൽ ക്ളാസിക്കോയിൽ ബാഴ്സയെ തോൽപ്പിച്ച് റയൽ ലീഡ് നേടിയിരുന്നതാണ്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിലെ റയലിന്റെ തോൽവികൾ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. നിലവിലെ മുൻനിരക്കാരെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയാണെങ്കിൽ ബാഴ്സലോണയ്ക്ക് ലാഭം.
പോയിന്റ് ടേബിൾ
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
ബാഴ്സലോണ 27-58
റയൽ മാഡ്രിഡ് 27-56
സെവിയ്യ 27-47
റയൽ സോസിഡാഡ് 27-46
ഗെറ്റാഫെ 27-46
പ്രീക്വാർട്ടർ പാതിവഴിയിലാക്കി
ചാമ്പ്യൻസ് ലീഗ്
ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി നോക്കൗട്ടിന്റെ ആദ്യ പടിയിലെത്തിയപ്പോഴാണ് യുവേഫ ചാമ്പ്യൻസ് ലീഗ് നിറുത്തിവയ്ക്കേണ്ടി വന്നത്. പ്രീക്വാർട്ടറിന്റെ എട്ട് ആദ്യ പാദ മത്സരങ്ങളും നാല് രണ്ടാം പാദ മത്സരങ്ങളും പൂർത്തിയായി. റയൽ മാഡ്രിഡ് - മാഞ്ചസ്റ്റർ സിറ്റി, ചെൽസി -ബയേൺ, ലിയോൺ - യുവന്റസ്, ബാഴ്സലോണ - നാപ്പോളി രണ്ടാം പാദ പ്രീക്വാർട്ടറുകളാണ് മുടങ്ങിയത്. പാരീസ് എസ്.ജി. ലെയ്പ്സിഗ്, അറ്റലാന്റ,അത്‌ലറ്റിക്കോ മാഡ്രിഡ് ക്ളബുകളാണ് ക്വാർട്ടറിലെത്തിയിരിക്കുന്നത്. മാർച്ചിൽ പ്രീക്വാർട്ടർ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ മേയ് - ജൂൺ സമയത്ത് നടക്കേണ്ട ഫൈനൽ ഉൾപ്പടെ മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |