കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിൽ നിന്ന് ഇനിയും കരകയറാത്ത മേഖലകളിലൊന്ന് വിദ്യാലയങ്ങളാണ്. വർഷാവസാന പരീക്ഷകളുടെ മദ്ധ്യേയാണ് മഹാമാരി കടന്നെത്തി എല്ലാം താളംതെറ്റിച്ചത്. പത്തും പന്ത്രണ്ടും ക്ളാസുകളുടെ പരീക്ഷകളിൽ ഇനിയും വിഷയങ്ങൾ തീരാനുണ്ട്. സർവകലാശാലാ പരീക്ഷകളിൽ പലതും പുതിയ തീയതി കാത്തിരിക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ഒട്ടേറെ പ്രവേശന പരീക്ഷകൾ നടക്കേണ്ടതാണ്. അവ അപ്പാടെ മുടങ്ങി. കോച്ചിംഗ് സ്ഥാപനങ്ങളിൽ പലതും ഓൺലൈൻ വഴി നഷ്ടം നികത്താൻ പാടുപെടുന്നുണ്ടെങ്കിലും സാധാരണ കുട്ടികൾക്ക് ആ സൗകര്യവും പൊതുവേ അപ്രാപ്യമാണ്.
സംസ്ഥാനത്ത് ജൂൺ ഒന്നിന് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിക്കേണ്ടതായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും എപ്പോൾ തുറക്കുമെന്നു പറയാനാകാത്ത സ്ഥിതിയാണ്. മൂന്നാം ഘട്ട ലോക്ക് ഡൗൺ തീരാൻ മേയ് 17 വരെ കാത്തിരിക്കണം. അതിനുശേഷം വേണം ഇടയ്ക്കുവച്ചു നിറുത്തിയ പത്ത്, പന്ത്രണ്ട് ക്ളാസുകളുടെ പരീക്ഷ പൂർത്തിയാക്കാൻ. മഹാമാരിയുടെ ഭീഷണി പൂർണമായും വിട്ടൊഴിഞ്ഞുവെന്ന് ഖണ്ഡിതമായി ഉറപ്പുവരുത്താതെ വിദ്യാലയങ്ങൾ തുറക്കാനാവില്ല. ഏതു നിലയിൽ നോക്കിയാലും അദ്ധ്യയന വർഷാരംഭം നീണ്ടുപോകുമെന്നു ഉറപ്പായിക്കഴിഞ്ഞു. രാജ്യം നേരിടുന്ന പ്രത്യേക പ്രതിസന്ധിയിൽ കലാലയങ്ങൾ സെപ്തംബർ ഒന്നിന് തുറന്നാൽ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ അതു സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇല്ലാതായിട്ടുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾ എപ്പോൾ തുറക്കണമെന്നു തീരുമാനിക്കേണ്ടത് സർക്കാരാണ്. ആലോചനകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
തുടങ്ങാൻ വൈകുമെന്ന് ഉറപ്പായ സ്ഥിതിക്ക് ഈ അദ്ധ്യയന വർഷം ചുരുക്കുന്നതിനെക്കുറിച്ചാണ് പ്രധാന ചർച്ച. പ്രായോഗികമായ നടപടിക്രമം മാത്രമാണത്. പത്തു മാസമാണ് സാധാരണ ഗതിയിൽ സ്കൂൾ അദ്ധ്യയന കാലം. ഇക്കുറി അത് എട്ടു മാസമാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചന. ഇക്കാര്യത്തിൽ തീരുമാനമായാൽ അതനുസരിച്ച് പാഠഭാഗങ്ങൾ കുറയ്ക്കേണ്ടിവരും. പരീക്ഷകളും ചുരുക്കേണ്ടിവരും. കലാ - കായിക മാമാങ്കങ്ങളും പരിമിതപ്പെടുത്തണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊന്നും അത്ര വലിയ കാര്യങ്ങളൊന്നുമല്ല. സന്ദർഭത്തിന്റെ ഗൗരവത്തിനനുസരണമായി ഉചിത തീരുമാനമെടുക്കുന്നതിലാണല്ലോ ഭരണകൂടത്തിന്റെ കാര്യശേഷി കുടികൊള്ളുന്നത്.
ഒന്ന് ആലോചിച്ചാൽ അദ്ധ്യയന വർഷത്തിൽ രണ്ടുമാസത്തെ കുറവുണ്ടാകുമെന്നതിന്റെ ക്ഷീണം ഒത്തൊരുമിച്ചു ശ്രമിച്ചാൽ തീർക്കാവുന്നതേയുള്ളൂ. ശനിയാഴ്ച പ്രവൃത്തിദിനങ്ങളാക്കാം. ദിവസേന അരമണിക്കൂർ അദ്ധ്യയന സമയം ദീർഘിപ്പിക്കാം. പാഠ്യേതര കാര്യങ്ങൾക്കായി നീക്കിവയ്ക്കുന്ന പീരിയഡുകളും കുറയ്ക്കാം. 200 പ്രവൃത്തി ദിനങ്ങൾ കർക്കശമാക്കിയ സമയത്തും അതിൽ എത്രയോ സാദ്ധ്യായ ദിനങ്ങൾ പല കാരണങ്ങളാൽ നഷ്ടപ്പെടുന്നുണ്ട്. സമരങ്ങൾ, ഹർത്താലുകൾ, പ്രാദേശിക അവധികൾ, പ്രകൃതി കോപങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാൽ നിരവധി ദിവസങ്ങളിൽ പഠനം മുടങ്ങാറുണ്ട്. കൊവിഡ് മഹാമാരിക്കു ശേഷമുള്ള അദ്ധ്യയന വർഷം കഴിവതും സമരമില്ലാ ദിനങ്ങളാക്കാൻ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ ഏവരും പ്രതിജ്ഞയെടുക്കണം. കുട്ടികളുടെ ഭാവിയോർത്ത് ഉത്‌കണ്ഠപ്പെടുന്ന സർവ മനുഷ്യരും സദാ ഓർക്കേണ്ട കാര്യമാണിത്. ഒരു മഹാദുരന്തത്തിൽ നിന്ന് കരകയറിയതിന്റെ നന്ദിയും ആശ്വാസവും പ്രകടിപ്പിക്കേണ്ടത് സമരമില്ലാത്ത അദ്ധ്യയന വർഷം ഉറപ്പാക്കുന്നതിലൂടെ ആകണം. പരമാവധി സംയമനം പാലിക്കാൻ വിദ്യാർത്ഥി സംഘടനകൾ മാത്രമല്ല അദ്ധ്യാപക സംഘടനകളും രാഷ്ട്രീയക്കാരുമൊക്കെ മനസ്സുവയ്ക്കണം.
ലോക്ക് ഡൗണിൽ ഇളവുകൾ ബാധകമായ പ്രദേശങ്ങളിൽ സ്കൂളുകളിൽ നടത്തേണ്ട അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളുമൊക്കെ ഏറ്റെടുത്തു പൂർത്തിയാക്കാൻ പറ്റിയ സമയമാണിത്. മഴക്കാലം തുടങ്ങാൻ കഷ്ടിച്ചു നാലാഴ്ചയേ ഉള്ളൂ. കാലവർഷം ഇക്കുറിയും കനക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ പഴയ സ്കൂൾ കെട്ടിടങ്ങളുടെ മേൽ പ്രത്യേക ശ്രദ്ധവയ്ക്കേണ്ടതുണ്ട്.കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളിൽ ഒട്ടുമിക്കതിന്റെയും അച്ചടി നേരത്തെ തന്നെ പൂർത്തിയായതായി വാർത്ത വന്നിരുന്നു. ഘട്ടം ഘട്ടമായി അവ എത്തേണ്ട സ്ഥലങ്ങളിൽ എത്തിക്കണം. ലോക്ക് ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് അവയുടെ വിതരണം ആരംഭിക്കാവുന്നതാണ്. സ്കൂൾ വിപണി സജീവമാകണമെങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാടേ പിൻവലിക്കേണ്ടതുണ്ട്.
ഗതാഗത മേഖലയിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ അദ്ധ്യയന വർഷത്തിലേക്കും നീണ്ടുപോയാൽ കാര്യങ്ങൾ പ്രതിസന്ധിയിലാകും. കുട്ടികളിൽ വലിയൊരു പങ്കിനും ആശ്രയം പൊതുഗതാഗതമാണ്. അകലം പാലിച്ചുള്ള യാത്ര പോലെ തന്നെ ക്ളാസ് മുറികളിലെ ഇരിപ്പിട സജ്ജീകരണവും പ്രശ്നമാകാതിരിക്കണമെങ്കിൽ ഇവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അയവുണ്ടാകണം. വിദഗ്ദ്ധ സമിതികൾ താമസം വിനാ ഇതുസംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നു പ്രതീക്ഷിക്കാം.
കൊവിഡ് രാജ്യമാകെ വിദ്യാഭ്യാസ മേഖലയെയും സ്തംഭിപ്പിച്ചിരിക്കുന്നതിനാൽ കേരളത്തിനു മാത്രമായി പ്രത്യേക ഉത്കണ്ഠയുടെ കാര്യമില്ല. അഖിലേന്ത്യാ തലത്തിലുള്ള മത്സര പരീക്ഷകളുടെ പുതുക്കിയ തീയതികൾ രോഗവ്യാപനം കൂടി കണക്കിലെടുത്ത് പുതുക്കി നിശ്ചയിക്കേണ്ടിവരും. ഏറ്റവും കൂടുതൽ പേർ എഴുതുന്ന 'നീറ്റ്", ജെ.ഇ.ഇ തുടങ്ങിയ പരീക്ഷാ തീയതികൾ ഇതിനകം രണ്ടുവട്ടം പുതുക്കേണ്ടിവന്നു. രോഗവ്യാപനം നിലച്ചില്ലെങ്കിൽ ഇനിയും മാറ്റേണ്ടിവരും. ഇതിനിടയിൽ കെ.ജി ക്ളാസ് മുതലുള്ള പുതിയ പ്രവേശനത്തിനായി കാത്തിരിക്കുന്നവർ രോഗഭീതി ഒഴിയുന്നതും കാത്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |