കൊച്ചി : വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചു നാട്ടിലെത്തിക്കുമ്പോഴുണ്ടാകുന്ന സാഹചര്യം നേരിടാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കൊവിഡ് ഭീഷണിയെത്തുടർന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ കേരള മുസ്ളിം കൾച്ചറൽ സെന്റർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് നിർദേശം. വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നത് പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്നും കേന്ദ്രസർക്കാരിന്റെ ക്വാറന്റൈൻ നിർദേശങ്ങൾക്കനുസരിച്ചാണ് സംസ്ഥാന സർക്കാർ നടപടിയെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിശദീകണം മേയ് എട്ടിനുമുമ്പ് നൽകണം.
കേന്ദ്ര സർക്കാർ വിശദീകരിക്കേണ്ടത് :
ഗർഭിണികൾക്കും പ്രായമായവർക്കും രോഗികൾക്കും മുൻഗണനയുണ്ടോ?
യു.എ.ഇ, എമിറേറ്റ്സ് വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്താൻ അനുവദിക്കുമോ?
സംസ്ഥാന സർക്കാർ വിശദീകരിക്കേണ്ടത്
പ്രവാസികൾ മടങ്ങിയെത്തുമ്പോഴുള്ള നടപടികൾ എന്തെല്ലാം?
ഇതുവരെ ഒരുക്കിയ സൗകര്യങ്ങൾ?
ഹർജിക്കാരുടെ വാദം
1.5 ലക്ഷത്തിലേറെ പ്രവാസികൾ തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തു.
ഒരു ദിവസം 400 പേരെ മാത്രമേ കൊണ്ടുവരാൻ കഴിയൂ
യു.എ.ഇ വിമാനങ്ങൾ സർവീസ് നടത്താൻ തയ്യാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |