SignIn
Kerala Kaumudi Online
Wednesday, 09 July 2025 1.17 AM IST

ആശയക്കുഴപ്പം ഒഴിവാക്കണം

Increase Font Size Decrease Font Size Print Page

corona

കൊവിഡിൽ കുടുങ്ങി നാട്ടിലേക്കു മടങ്ങാനാകാതെ വിദേശ രാജ്യങ്ങളിൽ കഴിയുന്ന മലയാളികളെ ഘട്ടംഘട്ടമായി എത്തിക്കാനുള്ള വൻ യത്നത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. ഒരാഴ്ച കൊണ്ട് പതിമൂന്നു രാജ്യങ്ങളിൽ നിന്നായി 3150 പേർക്കാണ് ആദ്യ ഘട്ടത്തിൽ നാട്ടിലേക്കു മടങ്ങാൻ നറുക്കു വീണത്. അബുദാബിയിൽ നിന്നു കൊച്ചിയിലേക്കാണ് ആദ്യ വിമാന സർവീസ്. തിരുവനന്തപുരത്തേക്കുള്ള ഏക സർവീസ് ഞായറാഴ്ചയാണ് എത്തുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളാണ് പ്രവാസികളുടെ മടങ്ങിവരവിന് തയ്യാറെടുത്തു നിൽക്കുന്നത്. കണ്ണൂർ വിമാനത്താവളവും ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിട്ടുണ്ടെങ്കിലും പ്രവാസി ഫ്ളൈറ്റുകളുടെ പട്ടികയിൽ കണ്ണൂർ ഇടംപിടിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പരാതി.

'നോർക്ക"യുടെ രജിസ്റ്റർ പ്രകാരം നാലര ലക്ഷത്തിലധികം പ്രവാസികളാണ് കേരളത്തിലേക്കു മടങ്ങാൻ താത്‌പര്യം അറിയിച്ചിട്ടുള്ളത്. എന്നാൽ കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ച് ഇവരിൽ പകുതി പേരെപ്പോലും കൊണ്ടുവരാനാകില്ലെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. രജിസ്റ്റർ ചെയ്ത നാലര ലക്ഷം പേരിൽ വളരെയധികം പേർ പല കാരണങ്ങളാൽ ഒഴിഞ്ഞുനിൽക്കുമെന്നു കരുതിയാൽപ്പോലും രണ്ടുലക്ഷത്തിനടുത്ത് പ്രവാസികൾ നാട്ടിലേക്കു എങ്ങനെയും എത്തണമെന്ന് കഠിനമായി ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകളനുസരിച്ച് അവരിൽത്തന്നെ പകുതിയോളം പേർക്കു യാത്രാനുമതി ലഭിക്കുന്ന കാര്യം തീർച്ചയില്ലെന്നാണ്. കേന്ദ്രം പുറത്തുവിട്ട കണക്കനുസരിച്ച് എൺപതിനായിരം പേർക്കാണ് ഇപ്പോൾ കേരളത്തിലേക്കു വരാൻ അവസരം. 'നോർക്ക" രജി​സ്റ്ററി​ൽ നി​ന്ന് മുൻഗണന നൽകി​ സംസ്ഥാന സർക്കാർ തയ്യാറാക്കി​യ പട്ടി​കയി​ൽ ഏകദേശം 1.70 ലക്ഷം പേരാണുള്ളത്. വിസ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, സന്ദർശനത്തിനെത്തി തിരിച്ചുവരാനാകാതെ കുടുങ്ങിയവർ, വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടു നിൽക്കുന്നവർ എന്നിങ്ങനെ തരം തിരിച്ചാണ് മുൻഗണനാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രം തയ്യാറാക്കിയ മുൻഗണനാ പട്ടികയുടെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. എൺപതിനായിരം പേരെ കൊണ്ടുവരാനുള്ള ഒരുക്കമാണ് നടക്കുന്നതെന്നു മാത്രമേ സംസ്ഥാന സർക്കാരിനും അറിയാവൂ. മഹാമാരിയെക്കുറിച്ചുള്ള അതിയായ ആധിയും ഭാവിയെക്കുറിച്ച് അതിലേറെ ഉത്കണ്ഠയുമായി കഴിയുന്ന പ്രവാസികളെ മുഴുവൻ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടാകേണ്ടത് കേവലം നീതി മാത്രമാണ്. യാത്രാച്ചെലവ് പ്രവാസികൾ തന്നെ വഹിക്കണമെന്ന് വ്യക്തമാക്കപ്പെട്ട പശ്ചാത്തലത്തിൽ യാത്രയ്ക്കാവശ്യമായ ഏർപ്പാടുകൾ ഭംഗിയായി ഒരുക്കുക എന്ന ചുമതലയേ കേന്ദ്ര സർക്കാരിനുള്ളൂ. ഈ വിഷയത്തിൽ കടും പിടിത്തത്തിന്റെയോ വിവാദത്തിന്റെയോ ആവശ്യമേ ഉദിക്കുന്നില്ല. പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ കൂടുതൽ ധാരണയുണ്ടാക്കേണ്ടതും ആവശ്യമാണ്. ആലോചിച്ചുറപ്പിച്ച തീരുമാന പ്രകാരമാകണം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ. ഇതു പറയാൻ കാരണം ഇക്കാര്യത്തിൽ ഇതിനകം ഉണ്ടായ ചില ആശയക്കുഴപ്പങ്ങളും പരസ്പരവിരുദ്ധമായ നിലപാടുകളുമാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള ഭിന്നനിലപാട് പരസ്യമായിക്കഴിഞ്ഞു. വന്നിറങ്ങുന്ന പ്രവാസികൾക്ക് ഏഴുദിവസത്തെ ക്വാറന്റൈനാണ് സംസ്ഥാനം നിർദ്ദേശിക്കുന്നത്. കേന്ദ്രമാകട്ടെ 14 ദിവസവും. പ്രവാസികൾ ധാരാളമുള്ള കണ്ണൂരിലെ വിമാനത്താവളത്തെ ഒഴിവാക്കിയ വിഷയത്തിലും കേന്ദ്ര - സംസ്ഥാന നിലപാടുകൾ പൊരുത്തപ്പെടുന്നതല്ല. നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളിൽ എഴുപതിനായിരത്തോളം പേർ കണ്ണൂരിൽ ഇറങ്ങാൻ താത്പര്യം പ്രകടിപ്പിച്ചവരാണ്.

കൊവിഡ് ഭീഷണി ഇപ്പോഴും സജീവമായി നിൽക്കുന്ന പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യത്തിലും സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമായിത്തന്നെ പാലിക്കേണ്ടതുണ്ട്. പരിശോധനകളും ക്വാറന്റൈനുമൊക്കെ ഐ.സി.എം.ആർ മാനദണ്ഡ പ്രകാരം തന്നെയാകണം. വിദേശത്തു നിന്നെത്തി നാടു മുഴുവൻ നടന്ന് പലർക്കും രോഗം സമ്മാനിക്കുന്ന നിർഭാഗ്യകരമായ സ്ഥിതി ഇനി ഉണ്ടാകരുത്.

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മടങ്ങിയെത്തുന്ന പ്രവാസികളുടെ പരിരക്ഷയ്ക്കൊപ്പം തന്നെ പ്രധാനമാണ് അവരുടെ പുനരധിവാസവും. അതിനായുള്ള പദ്ധതികൾ കണ്ടെത്തി നടപ്പാക്കണം. തൊഴിൽ നഷ്ടപ്പെട്ടു മടങ്ങിയെത്തുന്നവരിൽ നല്ലൊരു പങ്ക് വിവിധ തുറകളിൽ വൈദഗ്ദ്ധ്യം നേടിയവരാണ്. അവരെ ഉൾക്കൊള്ളാനാകുന്ന മേഖലകളിൽ വേണം അവരുടെ പുനരധിവാസം ഉറപ്പാക്കാൻ. ഇങ്ങനെയുള്ള പ്രവാസികളുടെ പട്ടിക തയ്യാറാക്കി സൂക്ഷിച്ചാൽ പുനരധിവാസ പദ്ധതി നടപ്പാക്കുമ്പോൾ പ്രയോജനപ്പെടും.

യാത്രക്കൂലി ഈടാക്കി പ്രവാസികളെ നാട്ടിലെത്തിക്കുന്ന രീതിയോട് എതിർപ്പുള്ളവർ രാജ്യത്തും പുറത്തും ഏറെയുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളെ ഇത്തരമൊരു നടപടിയിലേക്കു നയിച്ചിട്ടുണ്ടാവുക. സർക്കാരുകളുടെ വരുമാനമാകെ നിലച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികളിൽ നിന്ന് യാത്രക്കൂലി ഈടാക്കുന്നത് അവിവേകമായി കാണാനാകില്ല.

ഒഴിപ്പിക്കൽ നടപടികൾ ആശയക്കുഴപ്പമില്ലാതെ നിശ്ചിത സമയത്തിനകം പൂർത്തിയാക്കുകയാണു വേണ്ടത്. ഇതിന് ബന്ധപ്പെട്ട രാജ്യങ്ങളുമായി വിപുലമായ ഏകോപനം സാദ്ധ്യമാക്കേണ്ടതുണ്ട്. പ്രവാസികളെ കൊണ്ടുവരാൻ കഴിഞ്ഞ ദിവസം യു.എ.ഇയിലേക്കു പുറപ്പെട്ട നാവികസേനാ കപ്പലിന് അനുമതി കാത്ത് വഴിയിൽ കിടക്കേണ്ടിവന്നത് ഏകോപനത്തിന്റെ കുറവുകൊണ്ടാണ്. അനുമതിയും സഞ്ചാര ഷെഡ്യൂളുമൊക്കെ മുൻകൂട്ടി ഉറപ്പിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള തടസങ്ങൾ ഒഴിവായേനെ. അടിയന്തര ഘട്ടങ്ങളിൽ വിദേശങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒരു പരാതിയും ഉയരാത്ത വിധം ഒഴിപ്പിച്ചുകൊണ്ടുപോന്ന അനുഭവ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ഗൾഫ് യുദ്ധകാലത്തും ലെബനിലെ കലാപകാലത്തുമൊക്കെ ആ വൈദഗ്ദ്ധ്യം ഏറെ പ്രകടമായതാണ്. ഇപ്പോഴത്തെ ഒഴിപ്പിക്കൽ സമാധാന കാലത്തായതിനാൽ മറ്റു പ്രതിബന്ധങ്ങൾ കുറവാണ്. മുഖ്യ ശത്രുവായി മുന്നിലുള്ളത് കൊവിഡാണെന്ന വ്യത്യാസമുണ്ട്. കൊവിഡിനെതിരായ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നത് ലോക രാജ്യങ്ങൾ ഒന്നാകെയാണ്. അതിൽ കേരളം തല ഉയർത്തിത്തന്നെയാണു നിൽക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളെ ഒപ്പം നിറുത്തി വേണം ഈ മഹാമാരിക്കെതിരെയുള്ള ഇനിയുള്ള പോരാട്ടം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.