ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച കേസിൽ നിയമപരമായ വിഷയങ്ങൾ പരിഗണിക്കുന്നതിനായി വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് കാരണങ്ങൾ നിരത്തി സുപ്രീംകോടതി വ്യക്തമാക്കി. സ്വന്തം അധികാര പരിധി നിശ്ചയിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ഉത്തരവിട്ടു.
ശബരിമല പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കാതെ മാറ്റിവച്ച്, ഏതാനും ചോദ്യങ്ങൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയാണ് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ചെയ്തത്. ചോദ്യങ്ങൾ 9 അംഗ ബെഞ്ച് പരിഗണിച്ചപ്പോൾ, അഞ്ചംഗ ബെഞ്ചിന്റെ നടപടി ശരിയോയെന്നത് ആദ്യം തീർപ്പാക്കണമെന്നു വാദമുയർന്നു. നടപടി ശരിയെന്ന് ഫെബ്രുവരി 10ന് കോടതി ഉത്തരവിട്ടു. എന്നാൽ, കാരണങ്ങൾ അന്നു വിശദീകരിച്ചില്ല. അതാണ് ഇന്നലെ പുറത്തുവിട്ട 29 പേജുള്ള ഉത്തരവിൽ വിശദീകരിച്ചത്. ടി.എം.എ. പൈ കേസ്, സ്വകാര്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നിർണയിച്ച ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി കേസ് തുടങ്ങിയവയിൽ ഭരണഘടനയുടെ 30(1) വകുപ്പ് മുൻനിറുത്തി വിശാല ബെഞ്ച് ഭരണഘടനാ വ്യാഖ്യാനം നൽകിയത് വസ്തുതകളിലേക്കു കടക്കാതെയാണെന്നും ഉത്തരവിൽ പറയുന്നു.
നിരീക്ഷണം
1. ഭരണഘടനയിൽ വ്യക്തമായി പറഞ്ഞ് ഒഴിവാക്കാത്ത ഏതു വിഷയവും സുപ്രീം കോടതിയുടെ അധികാര പരിധിയിൽ വരും. പരമോന്നത കോടതിയെന്ന നിലയ്ക്ക്, ഏതു വിഷയം തങ്ങളുടെ അധികാരപരിധിയിൽ വരുമെന്നു സുപ്രീം കോടതിക്കു തീരുമാനിക്കാം.
2. പുനഃപരിശോധനാ ഹർജി നിലനിറുത്തിക്കൊണ്ടുതന്നെ ചോദ്യങ്ങൾ വിശാല ബെഞ്ചിനു വിടുന്നതിനു തടസമില്ല. ഹർജികളുടെയോ അപ്പീലുകളുടെയോ നടപടിക്രമങ്ങൾ നിലനിൽക്കുമ്പോഴും അതിലെ നിയമപരമായ വിഷയങ്ങൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാം.
3. ക്രിമിനൽ, സിവിൽ കേസുകളിൽ വിധി പറയുമ്പോൾ പ്രത്യക്ഷത്തിൽ പിഴവുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമാണ് പുനഃപരിശോധന അനുവദിക്കുന്നത്. യുവതീപ്രവേശനം സംബന്ധിച്ചത് പൊതുതാത്പര്യ പ്രകാരമുള്ള റിട്ട് ഹർജിയാണ്.
4. ഭരണഘടനയുടെ 32ാം വകുപ്പു പ്രകാരമുള്ള റിട്ട് ഹർജികൾ, സിവിൽ, ക്രിമിനൽ നടപടികളുടെ പരിധിയിൽ വരുന്നില്ല. ഈ ഗണത്തിൽ പെടാത്ത കേസുകളിൽ പുനഃപരിശോധനയ്ക്ക് കോടതിയുടെ അധികാരത്തിന് നിയന്ത്രണ വ്യവസ്ഥകളില്ല.
5. വസ്തുതകൾ സഹിതമല്ലാതെ, നിയമ സംബന്ധിയായ ചോദ്യങ്ങൾ മാത്രമായി വിശാല ബെഞ്ചിനു റഫർ ചെയ്യാൻ പറ്റില്ലെന്ന വാദം അംഗീകരിക്കാനാവില്ല. തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ നിയമപരമായ വിഷയങ്ങൾ മാത്രം വിശാല ബെഞ്ചിന് വിട്ട സാഹചര്യങ്ങൾ മുമ്പും കോടതിയിൽ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |