തിരുവനന്തപുരം: സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷൻ പരിഗണിക്കാതെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒാൺലൈൻ ബുക്കിംഗിലൂടെയുള്ള ട്രെയിൻ യാത്ര അനുവദിച്ചാൽ കൊവിഡ് നിയന്ത്രണ സംവിധാനം പ്രവർത്തിപ്പിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വീഡിയോ കോൺഫറൻസിംഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നലെ മുതൽ പ്രധാനനഗരങ്ങളിൽ നിന്ന് റെയിൽവേ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച പശ്ചാത്തലത്തിലാണിത്. സമൂഹ വ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ഈ നടപടി നിഷ്ഫലമാക്കും. രോഗികളുമായി സമ്പർക്കമുള്ളവരെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കൽ സംസ്ഥാനം ഫലപ്രദമായി നടപ്പാക്കുകയാണ്..സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണവിധേയമായി ലോക്ക് ഡൗൺ ഇളവുകൾക്ക് സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം വേണം. ഇത്തരത്തിൽ പൊതുഗതാഗതവും അനുവദിക്കാനാവണം. റെയിൽ, റോഡ്, ആകാശ യാത്രകൾ കർക്കശമായ മുൻകരുതലോടെയാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റ് പ്രധാന ആവശ്യങ്ങൾ:
ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിൻ.
വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി സംസ്ഥാന രജിസ്ട്രേഷൻ പ്രകാരം ടിക്കറ്റ്.
മുംബെ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ. സംസ്ഥാനത്ത് മാത്രം സ്റ്റോപ്പുകൾ.
റെഡ്‌സോണുകളിലൊഴിച്ച് മെട്രോ റെയിൽ സർവ്വീസ്.
യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ച് മൂന്നു ചക്ര വാഹനങ്ങൾ .
വ്യവസായ, വാണിജ്യ സംരംഭങ്ങൾക്ക് ഇളവുകൾ.
പ്രവാസികളെ വിമാനത്തിൽ കയറ്റും മുമ്പ് ആന്റി ബോഡി ടെസ്റ്റ്.
അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണവിധേയമായി ഇളവുകൾ .
മാർഗനിർദേശങ്ങൾക്കനുസരിച്ച് ആഭ്യന്തര വിമാന സർവീസ്.
വിമാനത്താവളങ്ങളിൽ വൈദ്യപരിശോധന.
റോഡ് യാത്രക്ക് വഴിമദ്ധ്യേ തങ്ങാത്ത സംസ്ഥാനങ്ങളുടെ പ്രത്യേക പാസ് ഒഴിവാക്കണം.
മതിയായ തോതിൽ ടെസ്റ്റ് കിറ്റുകൾ.
രാജ്യത്തെ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ച ടെസ്റ്റിങ് സാങ്കേതികവിദ്യകൾക്ക്
അംഗീകാരം .
വിദേശത്ത് നിന്നുള്ളവരെയടക്കം വീടുകളിൽ നിരീക്ഷണത്തിലയക്കണം.
. കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ ഫണ്ട്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്കും അസംഘടിത തൊഴിലാളികൾക്കും
സഹായപദ്ധതികൾ.
തൊഴിലുകൾ നിലനിറുത്താൻ വ്യവസായമേഖലകൾക്ക് പിന്തുണ.
തരിശുഭൂമിയിലടക്കം കൃഷി ചെയ്യാൻ തൊഴിലുറപ്പ് പദ്ധതി ക്രമീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |