തലയോലപ്പറമ്പ് : മറികടക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ലോറി ഡ്രൈവർ, ബൈക്ക് യാത്രികനെ സ്പാനർ ഉപയോഗിച്ച് അടിച്ചു വീഴ്ത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിലാണ് സംഭവം. ബൈക്ക് യാത്രികനായ മറവൻതുരുത്ത് ജിനു ഭവനിൽ ജിത്തു സതീശനാണ് (39) പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരുക്കേറ്റ ജിത്തുവിനെ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്ന് പാചക വാതക സിലിണ്ടറുമായി കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന ലോറിയുടെ ഡ്രൈവർ കൊല്ലം ചവറ കരുണ നിവാസിൽ പ്രവിൺ (30) ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
ലോറിയെ മറികടക്കാൻ ബൈക്ക് യാത്രികൻ പലവട്ടം ശ്രമിച്ചെങ്കിലും സൈഡ് കൊടുത്തില്ല. ഇത് ബൈക്ക് യാത്രികൻ ചോദ്യം ചെയ്തു. ഓട്ടത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ലോറിയിലെ വീൽ സ്പാനർ ഉപയോഗിച്ച് ബൈക്കു യാത്രികനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. നാട്ടുകാർ ലോറി തടഞ്ഞിട്ടശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |