ന്യൂഡൽഹി: മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ രാജ്യത്ത് കൊവിഡ് കേസുകളിലും മരണത്തിലും വൻ വർദ്ധന. മേയിലെ ആദ്യ രണ്ടാഴ്ച 41000 പുതിയ കേസുകളുണ്ടായി. മേയ് ഒന്നിന് ആകെ കേസുകൾ 37,000 ആയിരുന്നു. 14 ദിവസം പിന്നിടുമ്പോൾ കേസുകൾ 80000ത്തോളം.
ഇരട്ടിയിലേറെ വർദ്ധന. ഈ തോതിലാണ് രോഗവ്യാപനമെങ്കിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഒന്നരലക്ഷത്തോളം രോഗികളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കൊവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കണമെന്ന നിലപാടിലേക്ക് കേന്ദ്രവും മറ്റുപല സംസ്ഥാനങ്ങളും എത്തിക്കഴിഞ്ഞു. വൈറസ് ദീർഘനാൾ നമ്മോടൊപ്പമുണ്ടാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എച്ച്.ഐ.വിപോലെ കൊവിഡും സമൂഹത്തിൽ നിലനിൽക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
ജൂൺ - ജൂലായ് മാസത്തോടെ കൊവിഡ് ഇന്ത്യയിൽ പാരമ്യത്തിലെത്തുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. രോഗവ്യാപന തോത് പ്രതിദിനം ശരാശരി മൂവായിരത്തോളമായി തുടർന്നാൽ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടമുണ്ടാകും. ഇത് മുന്നിൽ കണ്ടാണ് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനായി ഡിസ്ചാർജ് മാനദണ്ഡങ്ങളിലും മറ്റും കേന്ദ്രം ഇളവ് കൊണ്ടുവന്നത്.
പ്രതിദിനം 3000ത്തിലേറെ
ഒരാഴ്ചയായി പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ മൂവായിരത്തിലേറെയാണ്. മേയ് മൂന്നുവരെ ശരാശരി 2500 കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേയ് നാലിന് ആദ്യമായി കേസുകൾ മൂവായിരം കടന്നു. മേയ് 10ന് നാലായിരം കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25000ത്തിലേറെ കേസുകൾ.
മേയ് 8-3344
മേയ് 9-3113
മേയ്10-4353
മേയ്11-3607
മേയ് 12-3524
മേയ് 13-3763
മേയ് 14-3722
നാലു സംസ്ഥാനങ്ങൾ
രാജ്യത്തെ ആകെ കേസുകളിൽ 60 ശതമാനത്തിലേറെയും മഹാരാഷ്ട്ര,ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിലാണ്. മുംബയ്, ഡൽഹി, ചെന്നൈ,ഇൻഡോർ,അഹമ്മദാബാദ്,സൂറത്ത് നഗരങ്ങളിലും സ്ഥിതി ഗുരുതരം. തമിഴ്നാട്ടിൽ 35 ശതമാനം കേസുകളും കൊയമ്പേട് മാർക്കറ്റിൽ നിന്ന്. രാജസ്ഥാൻ,മദ്ധ്യപ്രദേശ്, പഞ്ചാബ്, ബംഗാൾ,യു.പി എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്.
മഹാരാഷ്ട്ര - 25,922
ഗുജറാത്ത് - 9,267
തമിഴ്‌നാട് - 9,227
ഡൽഹി -7,998
പ്രതിദിനം നൂറിലേറെ മരണം
മേയ് ഒന്നുവരെ ആകെ മരണം 1154. മേയ് 14ന് 2549 ആയി ഉയർന്നു. ഇന്ത്യയിൽ മരണം ആയിരം കടക്കാൻ രണ്ടുമാസമെടുത്തു. 2500 കടക്കുന്നതിന് വേണ്ടിവന്നത് രണ്ടാഴ്ച മാത്രം. മേയ് ഒന്നിന് ശേഷം 1,395 മരണം.
ആശ്വാസം രോഗമുക്തി നിരക്ക്
കേസുകളുടെ ഇരട്ടിക്കൽ തോത് കുറയുന്നതും രോഗമുക്തി നിരക്ക് കൂടുന്നതും ആശ്വാസകരമാണെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം പറയുന്നത്. രാജ്യത്തെ കൊവിഡ് കേസുകൾ ഉയരുമ്പോഴും മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ്. 3.2 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. രോഗം ഭേദമായവരുടെ എണ്ണം കാൽലക്ഷം കടന്നു. രോഗമുക്തനിരക്ക് 32 ശതമാനത്തിലേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |