
ബീജിംഗ് : ഇറാന്റെ പുതിയ പരമോന്നത് നേതാവായി തിരഞ്ഞെടുത്ത മുജ്തബ ഖമനേയിയെ പിന്തുണച്ച് ചൈനയും റഷ്യയും. മുജ്തബ ഖമനേയിയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളിൽ നിന്ന് ഇസ്രയേലും അമേരിക്കയും പിന്മാറണമെന്ന് ചൈന മുന്നറിയിപ്പ് നൽകി. ഖമനേയിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ അത് മേഖലയിലെ സമവാക്യങ്ങളെ പൂർണമായും മാറ്റിവരയ്ക്കുമെന്നും ചൈന വ്യക്തമാക്കി. ഇറാന്റെ പരമാധികാരത്തിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ഇറാന്റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ പശ്ചിമേഷ്യയെ പുതിയൊരു ആഗോള യുദ്ധത്തിലേക്ക് നയിക്കുമെന്നും ചൈന ഓർമ്മിപ്പിച്ചു.
അതേസമയം ഇറാനുള്ള പിന്തുണയും ഇറാനിലെ സുഹൃത്തുക്കളോടുള്ള ഐക്യദാർഢ്യവും താൻ വീണ്ടും ഉറപ്പിച്ച് പറയുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. റഷ്യ ഇറാന്റെ വിശ്വസ്തനായ പങ്കാളിയായി തുടരും. ഇറാൻ സായുധ ആക്രമണം നേരിടുന്ന ഈ സമയത്ത് മുജ്തബ ഖമനേയിയുടെ പുതിയ പദവി വലിയ ധൈര്യവും സമർപ്പണവും ആവശ്യപ്പെടുന്നുെവെന്നും പുടിൻ അയച്ച സന്ദേശത്തിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ നിർണായക വഴിത്തിരിവാകുന്ന പ്രഖ്യാപനമാണ് ചൈനയുടെയും റഷ്യയുടെയും ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
എന്നാൽ വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനിൽ അധികകാലം അധികാരത്തിൽ തുടരില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഖമനേയിയുടെ മകൻ തനിക്ക് അസ്വീകാര്യൻ ആണെന്നാണ് ട്രംപ് പറഞ്ഞത്. നേരത്തെ പുതിയ നേതാവ് ആരായിരുന്നാലും വധിക്കുമെന്ന് ഇസ്രയേലും ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തിൽ അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ ഖമനേയിയെ പരമോന്നത നേതാവായി ഇറാൻ തിരഞ്ഞെടുത്തത്. ഇറാന്റെ ചരിത്രത്തിൽ ആദ്യമായാണ് കുടുംബ വാഴ്ചയ്ക്ക് സമാനമായ അധികാര കൈമാറ്റം നടക്കുന്നത്. ഇതിനെതിരെ ഇറാനിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |