കോട്ടയം: പൂവത്തുമ്മൂട് തൂക്കുപാലത്തിനു സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചാന്നാനിക്കാട് പൂവൻതുരുത്ത് കാലായിൽ ലൈവിയുടെയും മഞ്ജുവിന്റെയും മകൻ ഗൗതം ലൈവി (21)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നരയോടെയാണ് സംഭവം.
പൂവത്തുമ്മൂട് സ്വദേശിയായ സുഹൃത്ത് അനന്തനുമൊപ്പമാണ് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളിക്കാൻ ഇറങ്ങിയത്. നീന്താൻ ശ്രമിച്ച ഗൗതമിനെ കാണാതാകുകയായിരുന്നു. അനന്തന്റെ നിലവിളി കേട്ട് ഒാടിയെത്തിയ നാട്ടുകാരിൽ ചിലർ ആറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മൂന്നു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ വൈകിട്ട് ആറരയോടെയാണ് അഗ്നിരക്ഷാ സേന മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ചാന്നാനിക്കാട് എസ്.എൻ കോളേജിൽ ബി.കോം പൂർത്തിയാക്കിയ ഗൗതം എറണാകുളത്ത് ഡേറ്റാ എൻട്രി കോഴ്‌സ് വിദ്യാർത്ഥിയാണ്. പിതാവ് ലൈവി പാഴ്സൽ സർവീസ് ഉടമയാണ്.
അതേ കടവിൽ, എന്നിട്ടും ജാഗ്രത കാട്ടിയില്ല!
കഴിഞ്ഞ വർഷം നവംബറിൽ എം.ഡി സെമിനാരി സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച അതേ കടവിലാണ് ഗൗതവും മുങ്ങി മരിച്ചത്. പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി.യിലെ പ്ലസ്ടു വിദ്യാർത്ഥികളായിരുന്ന കൈതേപ്പാലം സ്വദേശി അശ്വിൻ, ചിങ്ങവനം സ്വദേശി അലൻ , മീനടം സ്വദേശി ഷിബിൻ എന്നിവരാണ് അന്ന് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |