രാജ്യത്ത് കൊവിഡ് ഭീതിയില്ലായിരുന്നെങ്കിൽ വ്യാപക ചർച്ചയ്‌ക്ക് സ‌്‌കോപ്പുണ്ടാകുമായിരുന്ന വിഷയങ്ങളാണ് ഡൽഹിയിൽ ഒരു ലോക്കറിനുള്ളിൽ നിന്ന് പുറത്തു വരുന്നത്. പറഞ്ഞു വരുന്നത് രാജ്യ തലസ്ഥാനത്തെ ന്യൂജെൻ കൗമാരക്കാർ ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യാനും നഗ്‌ന ചിത്രങ്ങൾ പങ്കുവയ്‌ക്കാനും ഇൻസ്‌റ്റാഗ്രാമിൽ സൃഷ്‌ടിച്ച 'ബോയിസ് ലോക്കർ റൂം' (Bois Locker Room) ഗ്രൂപ്പിലെ സിനിമാക്കഥയെ വെല്ലുന്ന സസ്‌പെൻസും ട്വിസ്റ്റുകളും .
തലയിൽ മുണ്ടിട്ട് ചൂടൻ രംഗങ്ങളുള്ള ഉച്ചപ്പടം കണ്ടും അരയിലൊളിപ്പിച്ച മഞ്ഞസാഹിത്യത്തിലും വായിച്ചും വളർന്ന ഒരുതലമുറയിൽ നിന്ന് ഇന്നത്തെ ന്യൂജെൻ തലമുറയിലേക്കുള്ള പരിവർത്തന കഥകൂടിയാണിത്. വിരലിൻ തുമ്പത്ത് ആഗ്രഹിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്ന ഇന്റർനെറ്റിലും സ്‌മാർട്ട്ഫോണിലും വിരാജിക്കുന്ന യുവ തലമുറയെ ആൺ-പെൺ ഭേദമില്ലാതെ ബാധിച്ച ലൈംഗിക അരാജകത്വവും വെളിവാക്കുന്നു ബോയിസ് ലോക്കർറൂം വിവാദം.
ഡൽഹിയിലെ ചില പ്രശസ്ത സ്‌കൂളുകളിൽ പ്ളസ് ടു വിദ്യാർത്ഥികളായ കൊള്ളാവുന്ന കുടുംബങ്ങളിലെ മീശ മുളയ്‌ക്കാത്ത ചില പയ്യൻമാരാണ് ലോക്കറിനുള്ളിലെ വില്ലൻമാർ. സഹപാഠിയെ എങ്ങനെ മാനഭംഗം ചെയ്യാമെന്നതടക്കം ചർച്ച ചെയ്ത ചാറ്റുകളുടെന്റെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ബോയിസ് ലോക്കർ റൂമിലെ ഞെട്ടിപ്പിക്കുന്ന ചാറ്റിംഗ് കഥകൾ പുറംലോകമറിഞ്ഞു.
പരിചയമുള്ള പെൺകുട്ടികളെക്കുറിച്ചുളള മോശമായ ചർച്ചകളായിരുന്നു ചാറ്റുകളിലേറെയും. ഗ്രൂപ്പിൽ അംഗങ്ങൾ പോസ്‌റ്റു ചെയ്യുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ഫോട്ടോകളും അതിനെപ്പറ്റിയുള്ള ശരീര വർണ്ണനകളും കമന്റുകളുമൊക്കെ വിവാദങ്ങളിലേക്ക് പടർന്നുകയറി. വിവരങ്ങൾ ചോർന്നതിന് പിന്നിൽ ഫെമിനിസ്‌റ്റുകളാണെന്നും അവരുടെ അക്കൗണ്ടുകൾ ഹാക്കു ചെയ്ത് നഗ്‌ന ഫോട്ടോകൾ പരസ്യമാക്കണമെന്ന ചർച്ചകളും ബോയിസ് ലോക്കർ റൂമിലുണ്ടായി.
ദേശീയ വനിതാ കമ്മിഷൻ ഇൻസ്‌റ്റാഗ്രാമിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചതോടെയാണ് 14കാരനായ ഗ്രൂപ്പ് അഡ്‌മിൻ പിടിയിലായത്. ഗ്രൂപ്പ് അംഗങ്ങളായ 24 കുട്ടികളെ ചോദ്യം ചെയ്‌തു വരുന്നു. ഇൻസ്‌റ്റാഗ്രാം ഉടമകളായ ഫേസ്ബുക്ക് 'ബോയിസ് ലോക്കർ റൂം' അക്കൗണ്ടും അതിലെ ഡാറ്റയും നീക്കം ചെയ്‌ത് കൈകഴുകി. എന്നാൽ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് രസകരമായ മറ്റൊരു വിവരം കൂടി പുറത്തുവിട്ടു. ബോയിസ് ലോക്കർ റൂം ഗ്രൂപ്പിൽ നടന്നതെന്ന പേരിൽ പ്രചരിച്ച ഒരു വിവാദ ചർച്ച ഒരു പെൺകുട്ടി തന്റെ ആൺ സുഹൃത്തിന്റെ ചങ്കൂറ്റവും സദാചാര ബോധവും അളക്കാൻ നടത്തിയ ഒരു പരീക്ഷണമാണെന്ന്. വിവാദ നായിക .സ്‌നാപ്പ് ചാറ്റ് എന്ന മറ്റൊരു സമൂഹമാദ്ധ്യമ ആപ്പിൽ സിദ്ധാർത്ഥ് എന്ന വ്യാജ അക്കൗണ്ടിലൂടെ ആൺകുട്ടിയുമായി നടത്തിയ ചർച്ചകളായിരുന്നു അത്. ഒരു സിദ്ധാർത്ഥ് മോശമായ കാര്യങ്ങൾ പറയുന്നതായി ആൺസുഹൃത്ത് പെൺകുട്ടിയെ അറിയിച്ചിരുന്നു. സത്യമറിയാവുന്ന പെൺകുട്ടി സംഗതി രഹസ്യമാക്കി വച്ചെങ്കിലും പയ്യൻ സുഹൃത്തുക്കളുമായി പങ്കിട്ടു. ഒരാൾ ഇൻസ്‌റ്റാഗ്രാമിൽ ഒരുകഥയാക്കി പോസ്‌റ്റും ചെയ്‌തു. അതാണ് ബോയിസ് ലോക്കർ റൂമിലെ ചർച്ചയെന്ന പേരിൽ പ്രചരിച്ചത്.
പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചതിന് വനിതാകമ്മിഷനും ഐടി നിയമത്തിലെ പല വകുപ്പുകൾ പ്രകാരം സൈബർ പൊലീസും കേസെടുത്തെങ്കിലും പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ കടുത്ത നടപടികൾക്ക് സാദ്ധ്യതയില്ല. ഇപ്പോൾ പഠിക്കുന്ന സ്‌കൂളുകളിൽ നിന്ന് പുറത്തായാലും കാശുകാരായ രക്ഷിതാക്കൾ അവർക്ക് മറ്റൊരിടം കണ്ടുപിടിക്കും. വിവരം നാട്ടിൽപാട്ടായതോടെ നാണക്കേടിൽ വലയുന്ന രക്ഷിതാക്കൾക്ക് ലോക്ക് ഡൗൺ രക്ഷയായെന്നും പറയുന്നു. കുട്ടികൾ പലരും ഫേസ് ബുക്കു പോലുള്ള തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു. പക്ഷേ അപ്പോഴും യുവ തലമുറയുടെ കഴിവും ചിന്തകളും വഴി തെറ്റി യാത്ര ചെയ്യുന്നതിന്റെ ആശങ്ക അവശേഷിക്കുന്നു.
ഡൽഹി പൊലീസിന്റെ സൈബർ വിഭാഗം പുറത്തുവിടുന്ന വിവരങ്ങൾ കൊവിഡ് വാർത്തകൾക്കിടെ മുങ്ങുന്നുണ്ടെങ്കിലും കൂട്ടമാനഭംഗങ്ങൾക്ക് പദ്ധതിയിടുന്ന തരത്തിൽ യുവതലമുറ വഴിതെറ്റുന്നതിന്റെ ഞെട്ടിക്കുന്നതും ആശങ്കയുണർത്തുന്നതുമായ സൂചനകളാണ് അവ നൽകുന്നത്. ഡൽഹിയിലെ നിർഭയ സംഭവത്തിൽ മരിച്ച പെൺകുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് സംഘത്തിലെ 'കുട്ടി'ക്കുറ്റവാളി ആയിരുന്നുവല്ലോ. കൊവിഡ് പശ്‌ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന്റെ അനിവാര്യതയിലേക്ക് പോകുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇന്റർനെറ്റും സ്‌മാർട്ട്ഫോണും കുട്ടികൾക്ക് ഒഴിവാക്കാൻ കഴിയാത്തതുമാകുന്നു. അതിനാൽ രക്ഷിതാക്കൾക്കളുടെ കണ്ണ് നിതാന്ത ജാഗ്രതയോടെ അവർക്കൊപ്പം ഉണ്ടാകണമെന്നാണ് മനശാസ്‌ത്രജ്ഞർ നൽകുന്ന ഉപദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |