ന്യൂഡൽഹി: ദേശീയതലത്തിൽ മിനിമം വേതനം നടപ്പാക്കുന്നത് ഉൾപ്പെടെ എല്ലാ മേഖലകളിലും തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിവരികയാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും ഇ.എസ്.ഐ പദ്ധതി നടപ്പാക്കാനും അന്യസംസ്ഥാന തൊഴിലാളികൾക്ക് കരാറുകാരന്റെ സഹായമില്ലാതെ ജോലി ചെയ്യാൻ തക്കവിധം നിർവചനം മാറ്റാനുമുള്ള നിയമങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിസന്ധിയുടെ പേരിൽ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുന്നത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
തൊഴിലാളികൾക്ക് മറ്റൊരു സംസ്ഥാനത്തു പോയി നേരിട്ട് ജോലി ചെയ്യാനുള്ള തടസം നീക്കാൻ നിർവചനത്തിൽ മാറ്റം വരുത്തും. ഇതോടെ കരാറുകാരനില്ലാതെ തൊഴിലുടമയ്‌ക്കു കീഴിൽ നേരിട്ട് ജോലി ചെയ്യാൻ തടസമുണ്ടാകില്ല. ഇവർക്കുള്ള ക്ഷേമ പദ്ധതികളിൽ പോർട്ടബിലിറ്റി ഉറപ്പാക്കും. പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും ഇ.എസ്.ഐ പദ്ധതിയും പരിഗണനയിലാണ്. പത്തിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ പദ്ധതി തുടങ്ങാം. അപകടകരമായ ജോലികൾ വേണ്ടിവരുന്ന, പത്തു ജീവനക്കാരിൽ താഴെയുള്ള സ്ഥാപനങ്ങളിൽ ഇ.എസ്.ഐ കർശനമാക്കും.
പാർലമെന്റിൽ നിയമം പാസാകുന്നതോടെ എല്ലാ മേഖലയിലും മിനിമം വേതനം അവകാശമാവുകയും ഇതിന് പൊതു മാനദണ്ഡം വരികയും ചെയ്യും. ഇപ്പോൾ 30 ശതമാനം തൊഴിലാളികൾക്കു മാത്രമാണ് മിനിമം വേതന ആനുകൂല്യം. എല്ലാ ജീവനക്കാർക്കും നിയമന ഉത്തരവ് നൽകൽ, ജീവനക്കാർക്ക് വാർഷിക ആരോഗ്യ പരിശോധന തുടങ്ങിയവയും വൈകാതെ നടപ്പിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |