ന്യൂഡൽഹി: തുടർച്ചയായ എട്ടാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ലോക്ക് ഡൗൺ നീട്ടി മഹാരാഷ്ട്ര. മുംബയ് ഉൾപ്പെടെ തീവ്രബാധിത മേഖലകളിൽ ഈ മാസം 31വരെ ലോക്ക്ഡൗൺ തുടരുമെന്ന് സർക്കാർ അറിയിച്ചു. പൂനെ, ഔറംഗാബാദ്, നാസിക്കിലെ മാലെഗാവ് മേഖലകളിലും ഇത് ബാധകമാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1,602 പുതിയ കൊവിഡ് രോഗികൾ. രോഗവ്യാപനത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ആകെ രോഗികൾ 27,524. ഇന്നലെ മാത്രം 54 മരണം. ആകെ മരണം 1019.
കൊവിഡ് ബാധിച്ച് ഇതുവരെ 10 പൊലീസുകാർ മരിച്ചു.
ധാരാവിയിൽ 33പുതിയ രോഗികൾ. രണ്ട് മരണം. ഇതോടെ ആകെ രോഗികൾ 106. ഇന്നലെത്തെ ആകെ മരണം 42.
താനെ, പൂനെ ജില്ലകളിലെ കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്റ് സോണിലാക്കി.
മുംബയിൽ 14,000ത്തിലേറെ രോഗികൾ.
ആശുപത്രികളിൽ ഇടമില്ലാത്ത സ്ഥിതിയാണ്. തുറന്ന മൈതാനത്തുള്ള രാജ്യത്തെ ആദ്യത്തെ ഐസൊലേഷൻ കേന്ദ്രത്തിന്റെ നിർമാണം ഇന്നലെയോടെ പൂർത്തിയാക്കി. ബാന്ദ്രകുർള കോംപ്ലക്‌സിൽ ആയിരം കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മിസോറാം ലോക്ക്ഡൗൺ നീട്ടി
കൊവിഡ് രോഗികളില്ലെങ്കിലും മിസോറാമിൽ ലോക്ക് ഡൗൺ 31 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി സോറംതംഗ അറിയിച്ചു. നെതർലാന്റിൽ നിന്നെത്തിയ ഒരു കൊവിഡ് രോഗിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞ 9ന് അയാൾ രോഗമുക്തി നേടിയതോടെ സമ്പൂർണ കൊവിഡ് രഹിത സംസ്ഥാനമാണ് മിസോറാം.
രണ്ടാമതെത്തി തമിഴ്നാട്
ഒറ്റദിവസം 500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി തമിഴ്‌നാട്. ആകെ രോഗികൾ 9,674. മരണം 66.
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിതോടെ റിസർവ് ബാങ്കിന്റെ തമിഴ്‌നാട് റീജിയണൽ ഓഫീസ് അടച്ചു.
ഇതിനിടെ 18 മുതൽ അൻപത് ശതമാനം ഹാജർ എന്ന കണക്കിൽ ആഴ്ചയിൽ ആറ് ദിവസം സർക്കാർ ഓഫീസുകൾ തുറക്കാമെന്ന് തമിഴ്നാട് സർക്കാർ.
ഡൽഹിയിൽ 500ലേറെ പുതിയ രോഗികൾ. ആകെ രോഗികൾ 8, 470. ഇന്നലെ 9 മരണം. ആകെ മരണം 115. പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സുപ്രീംകോടതി ജഡ്ജിയെയും കുടുംബത്തെയും ക്വാറന്റൈനിലാക്കി.
കർണാടകയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ രോഗി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ 60കാരന് ന്യൂമോണിയയും ശ്വാസകോശ രോഗങ്ങളും ഉണ്ടായിരുന്നു.
ജമ്മു കാശ്‌മീരിൽ ആകെ രോഗികൾ ആയിരം കടന്നു.
ഗോവയിലും കൊവിഡ്. പുതിയ ഏഴ് രോഗികൾ.
4000 പുതിയ രോഗികൾ
24 മണിക്കൂറിന് രാജ്യത്ത് 3,967 പുതിയ കൊവിഡ് കേസുകൾ. ആകെ രോഗികൾ 81,970. ഇന്നലെ നൂറ് പേർ മരിച്ചു. ആകെ മരണം 2,649.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |