കൊല്ലം: അവസാനയാളും ആശുപകത്രി വിട്ടതോടെ ജില്ല കൊവിഡ് മുക്തമായെങ്കിലും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമായേക്കും. നേരത്തെ കൊവിഡ് മുക്തമായ മറ്റ് പല ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതലാളുകൾ മടങ്ങിയെത്തുന്നതാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ട സ്ഥിതി സൃഷ്ടിക്കുന്നത്.
മറ്റ് ജില്ലകളിൽ സമീപ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളിൽ ഭൂരിപക്ഷവും അടുത്ത ദിവസങ്ങളിൽ വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. ജില്ലയിലും സമാനരീതിയിൽ ആളുകൾ മടങ്ങിയെത്തുന്നുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളെല്ലാം സർക്കാർ ക്വാറന്റൈനിലാണ്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ ചെറിയൊരു വിഭാഗം സർക്കാർ സംവിധാനങ്ങളുടെ നിർദ്ദേശങ്ങൾ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് രഹസ്യ വഴികളിലൂടെ ചിലർ ജില്ലയിലെത്തിയിട്ടുണ്ട്. പ്രാദേശികമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തരക്കാരെയല്ലാം നിരീക്ഷണത്തിലാക്കുന്നുമുണ്ട്. ഇവർ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നിലവിൽ അയൽവാസികൾക്കുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരുമായും മാത്രമല്ല, പൊതുസ്ഥലങ്ങളിൽ സാമൂഹ്യഅകലവും വ്യക്തി ശുചിത്വവും കൂടുതൽ ജാഗ്രതയോടെ തുടരണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം.
" ജില്ലയെ കൊവിഡ് മുക്തമായി നിലനിർത്താൻ എല്ലാവരും കൂട്ടായി ശ്രമിക്കണം. ശാരീരിക അകലം ഉറപ്പാക്കണം. മുഖാവരണം കൃത്യമായി ധരിക്കണം. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം."
ബി. അബ്ദുൾ നാസർ (കളക്ടർ)
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാൾ എറണാകുളത്ത്
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയായ പ്രവാസിയായ യുവാവ് എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 14ന് ജിദ്ദയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഈ മുപ്പത്തിയാറുകാരനെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം ജില്ലയിൽ പ്രവേശിച്ചിട്ടില്ലാത്തതിനാലും ഇവിടെ ചികിത്സയിൽ അല്ലാത്തതിനാലും ജില്ല കൊവിഡ് മുക്തമെന്ന് തന്നെ പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |