തൃശൂർ: പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളിൽ സാധന സാമഗ്രികളിലും ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കൈകഴുകാൻ ഒരുക്കിയിട്ടുള്ള അടപ്പില്ലാത്ത ബാരലുകളിലും കൊതുക് പെരുകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കൊവിഡ് 19ന് എതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഈ സന്ദർഭത്തിൽ മാരകമായ മറ്റൊരു പകർച്ച വ്യാധിയായ ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലുള്ള അലംഭാവം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നും വകുപ്പ് പറയുന്നു.
ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളിലും വീടുകളിലും ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണം നടത്തണം. പൂച്ചെട്ടികളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പൂച്ചെട്ടിയുടെ ട്രേ, മണി പ്ലാന്റ് പോലെയുള്ള അലങ്കാര ചെടികൾ വയ്ക്കുന്ന ചട്ടികളിലെ വെള്ളം, ആഴ്ചയിലൊരിക്കൽ മാറ്റണം. ഉപയോഗിക്കാത്ത ക്ലോസറ്റ് ആഴ്ചയിലൊരിക്കൽ ഫ്ലഷ് ചെയ്യണം. റബർ തോട്ടത്തിൻ്റെ 200 മീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തണം. ടാപ്പിംഗിന് ഉപയോഗിച്ച ചിരട്ടകൾ കമിഴ്ത്തി വയ്ക്കുകയും വീണവ നീക്കം ചെയ്യുകയും വേണം.
ബോധവത്കരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് നടത്തുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പൊങ്ങണംകാട് മേഖലയിൽ കൊതുകു സാന്ദ്രതാ പഠനവും നടത്തി.
തീരപ്രദേശത്ത് കൂടുതൽ ജാഗ്രത
ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലും, തുറസായ സ്ഥലങ്ങളിൽ വെച്ചിരിക്കുന്ന പെട്ടികളിലും കൊതുക് വളരുന്നുണ്ട്. ബോട്ടുകളിൽ കെട്ടി കിടക്കുന്ന വെള്ളം ആഴ്ചയിലൊരിക്കൽ ഒഴുക്കിക്കളയണം. പെട്ടികൾ ഉപയോഗിക്കാത്ത സമയത്ത് കമിഴ്ത്തി വയ്ക്കണം.
.....................................................................
ഒരു കൊതുക് ഒരു സമയം ഇടുന്ന മുട്ടകൾ: 100-200
മുട്ട വിരിഞ്ഞ് കൊതുകാകാനുളള സമയം: ഏഴ് ദിവസം
കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി : 113
ഈ വർഷം തുടക്കത്തിൽ : 27
...........................................
കർഷകർ ശ്രദ്ധിക്കാൻ
റബർ , പൈനാപ്പിൾ തോട്ടങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യം ഏറെയാണ്. പൈനാപ്പിളിൻ്റെ കൂമ്പ്, റബർ തോട്ടങ്ങളിൽ ചിരട്ടകൾ, റബർ തോട്ടങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകാം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |