മണ്ണുത്തി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇടക്കാലത്ത് പ്രതിസന്ധിയിലായ കുതിരാൻ തുരങ്ക നിർമ്മാണം തൊഴിലാളി ക്ഷാമത്താൽ വീണ്ടും മുടന്തുന്നു. തൊഴിലാളികളുണ്ടെങ്കിൽ പത്തു ദിവസത്തിൽ കുതിരാൻ തുരങ്കം പണി പൂർത്തിയാക്കാമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ലോക്ക് ഡൗണിനു മുമ്പ് 250 പേർ ഉണ്ടായിരുന്ന തൊഴിലാളികൾ ഇപ്പോൾ 50 ആയി ചുരുങ്ങി. ഇതോടൊപ്പം കൊവിഡും മഴയും കാര്യങ്ങൾ തകിടം മറിക്കുന്നുമുണ്ട്. മാസങ്ങളോളം നിർമ്മാണം സ്തംഭിച്ച ശേഷം ജനുവരിയിലാണ് പ്രവർത്തനം വീണ്ടും ആരംഭിച്ചത്. വിദഗ്ദ്ധ തൊഴിലാളികൾ അഞ്ചോ ആറോ പേർ മാത്രമാണ് നിർമ്മാണത്തിനുള്ളത്. മാർച്ച് 23ന് രാജ്യം ലോക്ക് ഡൗണിൽ കുടുങ്ങുന്നതിന് മുമ്പ് നിർമ്മാണ കമ്പനിയായ കെ.എം.സിയുടെ ഉടമകളും ഉന്നത ഉദ്യോഗസ്ഥരും ഇവിടെയുണ്ടായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഉടനെ ഇവർ തിരിച്ചുപോയി. എൻജിനീയർമാരും ഡെപ്യൂട്ടി പ്രൊജക്ട് മാനേജർമാരും പോയത് പ്രവർത്തനത്തെ വല്ലാതെ ബാധിച്ചു. എന്നിട്ടും പ്രവർത്തനങ്ങൾ നടക്കുകയാണ്. റോഡ് പണി പുരോഗമിക്കുന്നുണ്ട്. മഴ മൂലം ഉച്ചയ്ക്ക് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പലപ്പോഴും നടത്താനാവുന്നില്ല. എപ്രിൽ ഒന്നു മുതൽ ടോൾ പിരിവ് ആരംഭിക്കണമെന്ന ലക്ഷ്യത്തിൽ അതിവേഗത്തിൽ മുന്നേറുകയായിരുന്നു മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ. ഇതിനിടയിലാണ് കൊവിഡ് എത്തിയത്.
ഫയർ സേഫ്റ്റി നിർമാണം
തുരങ്കത്തിനുള്ളിൽ ഫയർ സേഫ്റ്റിയുമായി ബന്ധപ്പെട്ട പൈപ് ലൈൻ സ്ഥാപിക്കുകയാണ് സുപ്രധാന പണി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് ഇത് ചെയ്യേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് സംഘത്തിന് വരാനാവില്ല. മാത്രമല്ല തുരങ്കരവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്റെ അനുമതി പൂർണമായി ലഭിച്ചിട്ടില്ല. നേരത്തെ ലഭിക്കേണ്ട അനുമതി പല കാരണങ്ങളാൽ ലഭിക്കാൻ വൈകുന്നുമുണ്ട്. അനുമതിക്കായുള്ള നടപടികൾ 95 ശതമാനം പൂർത്തിയായത് അനുകൂലമാണ്. അതിനിടെ തുരങ്കത്തിലേക്ക് കല്ലും മണ്ണും മറ്റും വരാതിരിക്കുന്നതിനുള്ള സേഫ് പ്രോട്ടക്‌ഷൻ നെറ്റ് സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. കൊങ്കൺ റെയിൽവേ പാതയിലെ തുരങ്ക ഭിത്തികൾക്ക് സമാനമായ ഇരുമ്പ് നെറ്റുകളാണ് വിരിക്കുന്നത്. വലിയ തടസങ്ങളില്ലാതെ പണി മുന്നോട്ടുനീങ്ങിയാൽ ഒരു മാസത്തിനകം പണി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |