കിളിമാനൂർ: പാലമെന്ന സ്വപ്നം സഫലമായതിന് പിന്നാലെ അപ്രോച്ച് റോഡ് വികസനത്തിനും വഴിയൊരുങ്ങുന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഹാദേവേശ്വരം വാർഡിൽ ഇരപ്പിൽ പാലത്തെ ബന്ധിപ്പിച്ചുള്ള അപ്രോച്ച് റോഡിനാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചത്. അവികസിത മേഖലയായ ഇരപ്പിൽ, കരിമ്പുവിള, കടുമാൻ കുഴി, വലിയ വിള, കുഴിവിള വണ്ടന്നൂർ പ്രദേശങ്ങൾ ചിറ്റാറിന്റെ ഇരുകരകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇരപ്പിലിൽ ചിറ്റാർ മുറിച്ചുകടന്നാണ് ഗ്രാമീണർ പുറം ലോകത്ത് എത്തിയിരുന്നത്. എന്നാൽ മഴക്കാലത്ത് ചിറ്റാർ കരകവിയുന്നതോടെ യാത്ര മുടങ്ങുന്ന സ്ഥിതി കേരളകൗമുദി വാർത്തയാക്കിയിരുന്നു. ബി.സത്യൻ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ലോകബാങ്കിന്റെ ധനസഹായത്തോടെ 24 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഇരപ്പിൽ പാലം കഴിഞ്ഞ വർഷം നാടിന് സമർപ്പിച്ചു. എന്നാൽ ഇരുവശത്തേക്കുമുള്ള ചെമ്മൺപാത ഗതാഗതയോഗ്യമല്ലായിരുന്നു. ഇക്കാര്യം വാർഡ് മെമ്പർ വി.ജി. പോറ്റി ബി.സത്യൻ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് റോഡ് വികസനത്തിന് വഴിയൊരുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |