ന്യൂഡൽഹി: ലോക്ക്ഡൗൺ ഇളവുകളുടെ ചുവടുപിടിച്ച്, പ്ളാന്റുകളും ഷോറൂമുകളും തുറന്ന മാരുതി സുസുക്കി, കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിറ്റഴിച്ചത് 5,000 കാറുകൾ. സ്‌റ്റാൻഡേർഡ് ഓപ്പറേറ്രിംഗ് പ്രൊസിജ്വർസ് (എസ്.ഒ.പി) സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കി 1,350 ഷോറൂമുകളും 300 ട്രൂ വാല്യൂ ഔട്ട്‌ലെറ്റുകളുമാണ് മാരുതി തുറന്നത്. മനേസർ, ഗുഡ്‌ഗാവ് പ്ളാന്റുകളും മാരുതി തുറന്നിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുടെ സുരക്ഷാ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് എസ്.ഒ.പിയെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെനിചി അയുകാവ പറഞ്ഞു. ഉപഭോക്താക്കൾക്കായി ഓൺലൈൻ ബുക്കിംഗ് സൗകര്യവും മാരുതി ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന വാഹനം ഡീലർഷിപ്പിൽ നിന്ന് വീട്ടിലെത്തിക്കും. മാരുതി സുസുക്കി ഇന്ത്യയിൽ ആകെ 3,086 ഷോറൂമുകളാണ് ഉള്ളത്. റെഡ് സോണുകളിൽ ഉൾപ്പെടാത്ത, മറ്റു ഷോറൂമുകളും വൈകാതെ തുറക്കുമെന്ന് കെനിചി അയുകാവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |