തിരുവനന്തപുരം: രാത്രി ഏഴായിട്ടും കടയടച്ചില്ലേയെന്ന് ആക്രോശിച്ച് മെഡിക്കൽ സ്റ്റോറിൽ കയറി ഉടമയെ കൈയേറ്റം ചെയ്‌ത സംഭവത്തിൽ കഴക്കൂട്ടം എസ്.ഐക്കെതിരെ നടപടി. എസ്.ഐ സന്തോഷ്‌കുമാറിനെ ക്രമസമാധാന ചുമതല ഒഴിവാക്കി സിറ്റി കൺട്രോൾ റൂമിലേക്ക് സ്ഥലംമാറ്റി. എസ്.ഐക്കെതിരെ വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ ഉത്തരവിട്ടു. മാസ്‌ക് ധരിക്കാത്തതിന് കടയുടമയെ ശാസിച്ചതാണെന്ന് എസ്.ഐ ന്യായീകരിച്ചെങ്കിലും കൈയേറ്റത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതോടെ എസ്.ഐയുടെ കസേര പോയി. സമ്പൂർണ ലോക്ക് ഡൗണായിരുന്ന ഞായറാഴ്ച വൈകിട്ട് ഏഴിന് കഴക്കൂട്ടം മേനംകുളത്തെ ജനസേവ മെഡിക്കൽ സ്‌റ്റോറിലായിരുന്നു എസ്.ഐ സന്തോഷ്‌കുമാറിന്റെ വിളയാട്ടം. കടയ്ക്ക് മുന്നിൽ ജീപ്പ് നിറുത്തിയ എസ്.ഐ കടയുടമ ശ്രീലാലിനെ പുറത്തേക്ക് വിളിച്ചു. മരുന്നുവാങ്ങാൻ ഒരാളുണ്ടായിരുന്നതിനാൽ കടയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ശ്രീലാൽ കാര്യമെന്താണെന്ന് തിരക്കി. ഇതാണ് എസ്.ഐയെ പ്രകോപിപ്പിച്ചത്. ജീപ്പിൽ നിന്നിറങ്ങി എസ്.ഐ പ്രകോപിതനായി കടയിലേക്ക് ഓടിക്കയറി. കടയടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മെഡിക്കൽ ഷോപ്പ് അവശ്യ സർവീസാണെന്നും കൂടുതൽ സമയം പ്രവർത്തിക്കാമെന്നും പറഞ്ഞ തന്നെ എസ്.ഐ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ശ്രീലാൽ ഡി.ജി.പിക്ക് പരാതി നൽകി. മരുന്നു വാങ്ങാനെത്തിയ ആളുടെ മുന്നിൽ വച്ചായിരുന്നു എസ്.ഐയുടെ പരാക്രമം. വിവാദമായപ്പോഴാണ് മാസ്‌ക് ധരിക്കാത്തതിന് താക്കീത് ചെയ്‌തതാണെന്ന ന്യായീകരണവുമായി എസ്.ഐ രംഗത്തെത്തിയത്. എന്നാൽ കടയിലെ സി.സി ടി.വിയിൽ എസ്.ഐയുടെ പരാക്രമം പതിഞ്ഞിരുന്നു.
സി.സി ടി.വിയിലുള്ളത്
കടയ്‌ക്ക് മുന്നിൽ ജീപ്പ് നിറുത്തി എസ്.ഐ സന്തോഷ്‌കുമാർ അകത്തേക്ക് ഓടിക്കയറുന്നതും ശ്രീലാലിന്റെ കൈയിലും അരയിലും ബലമായി പിടിച്ച് പുറത്തേക്കിറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിടിവലിക്ക് പുറമെ മർദ്ദിക്കാൻ ശ്രമിക്കുന്നതും കൈചൂണ്ടി പ്രകോപിതനായി സംസാരിക്കുന്നതും കാണാം. ഒരു മിനിട്ടോളം കയർത്ത് സംസാരിച്ച ശേഷമാണ് എസ്.ഐ കടയിൽ നിന്ന് പോയത്. സംഭവം കണ്ട് പൊലീസ് ജീപ്പിൽ നിന്ന് മറ്റൊരു ഉദ്യോഗസ്ഥൻ കടയിലേക്കെത്തിയ ശേഷമാണ് എസ്.ഐ സന്തോഷ്‌കുമാർ മടങ്ങിയത്. ശ്രീലാൽ മാസ്‌ക് ധരിച്ചിരിക്കുന്നതും സി.സി ടി.വി ദൃശ്യങ്ങളിലുണ്ട്. മരുന്ന് വാങ്ങാനെത്തിയ ആളും മാസ്‌ക് ധരിച്ചിട്ടുണ്ട്.
എസ്.ഐക്കെതിരെ പരാതികൾ നിരവധി
കഴിഞ്ഞ ദിവസം രോഗികൾക്ക് സൗജന്യമായി മരുന്ന് എത്തിക്കാൻ പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഷാജഹാനെ വാഹനം തടഞ്ഞുനിറുത്തി എസ്.ഐ സന്തോഷ് കുമാർ ചെകിടത്ത് അടിച്ചതായി പരാതിയുണ്ട്. പരിക്കേറ്റ സുഹൈൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്‌റ്റേഷനിൽ പരാതി നൽകാനെത്തുന്നവരോട് സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വച്ച് പോലും എസ്.ഐ സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും പലരെയും മർദ്ദിക്കുകയും ചെയ്‌തിട്ടുണ്ടെന്നും മുമ്പ് പരാതികൾ ഉയർന്നിരുന്നു. പരാതി വരുമ്പോൾ ഉന്നത രാഷ്ട്രീയ ബന്ധമുപയോഗിച്ച് തടയിടുന്നതാണ് പതിവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇത്തവണ സി.സി ടി.വിയിൽ കുടുങ്ങിയപ്പോഴാണ് എസ്.ഐക്കെതിരെ നടപടിയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |