രാജീവ്ഗാന്ധിയുടെ വധവും കേരളത്തിലെ ഭരണത്തുടർച്ചയും തമ്മിൽ എന്താണ് ബന്ധം..?
ഭരണത്തുടർച്ച കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവ ചർച്ചാ വിഷയമാകുമ്പോൾ , കാലത്തിലൂടെ അൽപ്പം പിന്നോട്ട് സഞ്ചരിച്ചാൽ പഴയ ഒരു ഭരണത്തുടർച്ചാ ചർച്ചയുടെ കഥ ആ ബന്ധത്തിൽ മറഞ്ഞു കിടപ്പുണ്ടെന്ന് കണ്ടെത്താനാകും.വീണ്ടുമൊരു മേയ് 21കൂടി വരുമ്പോൾ പ്രത്യേകിച്ചും.
ലോകത്തെ തന്നെ നടുക്കിയതായിരുന്നു രാജീവ്ഗാന്ധിയുടെ വധം.ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംഭവിച്ച ആ അപമൃത്യു കേരളത്തിലെ അന്നത്തെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളെക്കൂടി പാടെ തെറ്റിച്ചു കളഞ്ഞു.
ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നായിരുന്നു നാല്പതാമത്തെ വയസ്സിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി ( 1984-89 )അധികാരമേറ്റത്.നാലിൽ മൂന്ന് ഭൂരിപക്ഷം നൽകിയാണ് രാജ്യം രാജീവിനെ വരവേറ്റത്. ടെലികമ്മ്യൂണിക്കേഷനിലും ഐ.ടിയിലും അടക്കം രാജ്യത്തെ വൻകുതിപ്പിലേക്ക് നയിച്ച രാജീവിന് ബൊഫോഴ്സിൽ കാലിടറി.പരാജയത്തിന്റെ രുചിയറിഞ്ഞു.അടുത്തുവന്ന പ്രധാനമന്ത്രിമാരായ വി.പി.സിംഗിന്റെയും ചന്ദ്രശേഖറിന്റെയും സർക്കാരുകൾക്ക് സ്ഥിരതയില്ലായിരുന്നു. 16 മാസത്തിനു ശേഷം വീണ്ടും നടന്ന പൊതു തിരഞ്ഞെടുപ്പിൽ തിരിച്ചുവരവിനായി പൊരുതുമ്പോഴായിരുന്നു എൽ.ടി.ടി.ഇ ചാവേറുകളുടെ മനുഷ്യ ബോംബിനു മുന്നിൽ രാജീവ് ചിന്നിച്ചിതറിയത്. ആദ്യ ഘട്ട വോട്ടെടുപ്പിനുശേഷം രാജ്യം അടുത്ത വോട്ടെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടമായിരുന്നു അത്.
1991 മേയ് 21
വിശാഖപട്ടണത്തു നിന്നും ചെന്നൈയിൽ വന്ന രാജീവ് ഗാന്ധി അവിടെ നിന്നും കാർ മാർഗമാണ് ശ്രീപെരുമ്പതൂരിൽ എത്തിയത്.അവിടെ പാർട്ടി സ്ഥാനാർത്ഥി മരഗതംചന്ദ്രശേഖർക്കുവേണ്ടി പ്രചാരണം നടത്തുമ്പോഴാണ് മാലയിട്ട് സ്വീകരിക്കാനെന്ന വ്യാജേന തനുവെന്ന എൽ.ടി.ടി.ഇ ചാവേർ മനുഷ്യ ബോംബായി പൊട്ടിത്തെറിച്ചത്. സമയം അപ്പോൾ രാത്രി 10.10, കേരളത്തിൽ മേയ് 23 നു നടക്കുന്ന വോട്ടെടുപ്പിനുള്ള അവസാന തയ്യാറെടുപ്പുകളിലായിരുന്നു ഇരു മുന്നണികളും. കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ഒരുങ്ങിയിറങ്ങിയ ഇടതുമുന്നണിയുടെ ഭരണത്തുടർച്ചാ പ്രതീക്ഷകൾ കൂടിയാണ് ആ ദുരന്തത്തിൽ അസ്തമിച്ചത്.
സി.പി.എമ്മിന്റെ പാർട്ടി സെക്രട്ടറി വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രി സാക്ഷാൽ ഇ.കെ.നായനാരുമായിരുന്നു.വി.എസ് അന്ന് പാർട്ടിയിൽ അജയ്യനാണ്.ഇ.എം.എസിന്റെ പിന്തുണയുമുണ്ട്.പുതുതായി രൂപീകരിച്ച ജില്ലാ കൗൺസിലിലേക്ക് 1991 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലെ അസാധാരണമായ വിജയമാണ് ഇടതു മുന്നണിയെ ഒരു വർഷം മുമ്പെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങിത്തിരിക്കാൻ പ്രേരിപ്പിച്ചത്.
ലോക്സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനൊപ്പം ഭരണത്തിന്റെ നാലാം വർഷത്തിൽ സംസ്ഥാന നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ആ തീരുമാനത്തെ ആർക്കും കുറ്റം പറയാൻ കഴിയുമായിരുന്നില്ല.14 ജില്ലാ കൗൺസിലുകളിൽ മലപ്പുറം ഒഴികെ 13 ഉം ഇടത് നേടി.472 ഡിവിഷനുകളിൽ 323 ഉം തൂത്തുവാരിക്കൊണ്ടായിരുന്നു ഈ വിജയം. അഭൂതപൂർവമായ ആ വിജയം ഇടതുമുന്നണി പോലും അത്രകണ്ട് പ്രതീക്ഷിച്ചിരുന്നതല്ല.സ്വാഭാവികമായും നിയമസഭയിലും ഈ വിജയം ആവർത്തിക്കാമെന്ന കണക്കു കൂട്ടലിലാണ് നിയമസഭ പിരിച്ചു വിട്ടത്.പക്ഷേ രാജീവ്ഗാന്ധിയുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് നീട്ടിവച്ചു.പിന്നീട് ജൂൺ 18 ന് തിരഞ്ഞെടുപ്പ് നടന്നപ്പോൾ കെ.കരുണാകരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു.ലോക്സഭയിലും യു.ഡി.എഫ് വൻ വിജയം കരസ്ഥമാക്കി.ജനുവരിയിൽ നിന്ന് ജൂണിലെത്തിയപ്പോഴായിരുന്നു ജനം അന്ന് മാറിച്ചിന്തിച്ചത്. (ജില്ലാ കൗൺസിൽ മാറി പിന്നീട് ജില്ലാ പഞ്ചായത്ത് ആയത് ചരിത്രം).
വോട്ടിംഗ് ശതമാനത്തിൽ 45.88 ശതമാനം നേടി മേൽക്കൈ ഇടതു മുന്നണിക്കായിരുന്നെങ്കിലും 44.84 ശതമാനം നേടിയ യു.ഡി.എഫ് സീറ്റുകളുടെ കാര്യത്തിൽ മുന്നിലെത്തി.
തൃക്കരിപ്പൂരിൽ നിന്ന് നായനാരും, മുഖ്യമന്ത്രിയാകുമെന്നു കരുതിയ വി.എസ് മാരാരിക്കുളത്തു നിന്നും ജയിച്ചെങ്കിലും പ്രതിപക്ഷ നേതാവായത് നായനാരായിരുന്നു.തുടർന്ന് നടന്ന (1992) കോഴിക്കോട് പാർട്ടി സമ്മേളനത്തിൽ നായനാർ പാർട്ടി സെക്രട്ടറിയായപ്പോൾ വി.എസ്.പ്രതിപക്ഷ നേതാവായി.പ്രതിപക്ഷ നേതാവ് മാറിയതുപോലെ മുഖ്യമന്ത്രിയും മാറി.കോൺഗ്രസിലെ ആഭ്യന്തര കലഹത്തെത്തുടർന്ന് 1995 ൽ കെ.കരുണാകരനെ മാറ്റി എ.കെ.ആന്റണി മുഖ്യമന്ത്രിയായി.അങ്ങനെ രണ്ട് മുഖ്യമന്ത്രി മാരെയും രണ്ട് പ്രതിപക്ഷ നേതാക്കളെയും അന്നത്തെ നിയമസഭ കണ്ടു.
ഇപ്പോൾ വീണ്ടും ഭരണത്തുടർച്ച ചർച്ചയാവുകയാണ്.ഐക്യ കേരളം രൂപീകൃതമായശേഷം ഒരു സർക്കാരും നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളാണ് ഓഖി,നിപ്പ,രണ്ട് പ്രളയങ്ങൾ എന്നിവയ്ക്കു പുറമെ കൊവിഡിലൂടെയും പിണറായിവിജയൻ സർക്കാർ നേരിട്ടത്.ഈ കാലയളവിൽ വിമർശനങ്ങൾ ഉണ്ടായെങ്കിലും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുംവിധം ഇവയെ നേരിടുന്നതിൽ സർക്കാർ കാണിച്ച ഭരണപാടവമാണ് ഭരണത്തുടർച്ചയെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിതെളിച്ചത്.രാഷ്ട്രീയസാഹചര്യം മാറിമറിയുന്ന കേരളത്തിൽ ഇനിയുള്ള ഒരുവർഷം എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലെങ്കിലും ഇപ്പോൾ ആ ചർച്ചയ്ക്ക് ചൂടുപിടിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ഇത് മുഖ്യചർച്ചയായിരുന്നു. കൊവിഡ് കാലത്ത് ഇതിന്റെ പേരിൽ രാഷ്ട്രീയപ്പോര് മുറുകുമെന്നതിൽ സംശയം വേണ്ട. തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പ് അടുത്തുവരവെ പ്രത്യേകിച്ചും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |