കൊച്ചി: ആരോഗ്യ വിനോദസഞ്ചാര രംഗത്ത് കേരളത്തിന്റെയും ഇന്ത്യയുടെയും കുതിപ്പിന് തടയിട്ട് കൊവിഡും ലോക്ക്ഡൗണും. മെഡിക്കൽ വാല്യൂ ടൂറിസത്തിലൂടെ (ആരോഗ്യ വിനോദ സഞ്ചാരം) 2020ൽ ഇന്ത്യ 900 കോടി ഡോളർ വരുമാനമാണ് (ഏകദേശം 68,000 കോടി രൂപ) ലക്ഷ്യമിടുന്നത്; കേരളം 100 കോടി ഡോളറും (7,500 കോടി രൂപ). എന്നാൽ, ഈവർഷം മാർച്ച് പാതിവരെ നാമമാത്ര ആരോഗ്യ വിനോദ സഞ്ചാരികൾ മാത്രമാണ് രാജ്യത്തെത്തിയത്. മാർച്ചിന് ശേഷം ഇതുവരെ പൂജ്യം!
കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ വികസിപ്പിച്ച്, അത് ആഗോളതലത്തിൽ അംഗീകരിക്കപ്പെടുംവരെ മെഡിക്കൽ വാല്യൂ ടൂറിസ്‌റ്റുകളെ പ്രതീക്ഷിക്കാനാവില്ലെന്ന് ആസ്‌റ്റർ ഹോസ്‌പിറ്റൽസ് ആൻഡ് ക്ളിനിക്‌സ് സി.ഇ.ഒ ഡോ. ഹരീഷ് പിള്ള 'കേരളകൗമുദി"യോട് പറഞ്ഞു. ഇന്ത്യ 16 ശതമാനവും കേരളം 10 ശതമാനവും ശരാശരി വളർച്ച ആരോഗ്യ ടൂറിസത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കുറിക്കുന്നുണ്ട്.
2019ൽ ആകെ 1.10 കോടിയോളം വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. ഇതിൽ, 6.1 ശതമാനമാണ് ആരോഗ്യ വിനോദ സഞ്ചാരികൾ. ന്യൂഡൽഹി, മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നിവയാണ് ഇവരുടെ ഇഷ്‌ട സംസ്ഥാനങ്ങൾ.
കേരളത്തിന് ഇത്
സുവർണാവസരം
കൊവിഡിനെതിരായ കേരളത്തിന്റെ പ്രവർത്തനം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ആരോഗ്യ ടൂറിസത്തിൽ മുന്നേറാൻ കേരളത്തിന് ഇത് സുവർണാവസരമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മികച്ച ആസൂത്രണ പദ്ധതികൾ തയ്യാറാക്കിയാൽ, ഏഷ്യയിൽ മെഡിക്കൽ ടൂറിസത്തിൽ മുൻപന്തിയിലുള്ള തായ്ലൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവയോട് കേരളത്തിന് നേരിട്ട് മത്സരിക്കാം.
കേരളത്തിന്റെ മികവുകൾ:
ദേശീയ-അന്താരാഷ്‌ട്ര അംഗീകാരങ്ങളുള്ള 40ലേറെ മികച്ച ആശുപത്രികൾ
ലോകത്തെ ഏത് ആശുപത്രിയുമായും കിടപിടിക്കുന്ന സൗകര്യങ്ങൾ, സാങ്കേതിക മികവ്, അതിവിദ്ധരായ ഡോക്‌ടർമാർ, നഴ്‌സുമാർ
താരതമ്യേന കുറഞ്ഞ ചികിത്സാച്ചെലവ്
ആയുർവേദം, യോഗ, ന്യൂറോപ്പതി എന്നിവയുടെയും സാന്നിദ്ധ്യം
രുചികരമായ ഭക്ഷണം, ആകർഷണീയമായ ആതിഥേയത്വം, മികച്ച കാലാവസ്ഥ, ടൂറിസം കേന്ദ്രങ്ങൾ
നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്‌ടിവിറ്റി
നേട്ടം പലവിധം
ടൂറിസം കഴിഞ്ഞാൽ കേരളത്തിൽ ഏറ്രവുമധികം തൊഴിലുകളുള്ള മേഖലയാണ് ആരോഗ്യം. ഹെൽത്ത് ടൂറിസം മെച്ചപ്പെട്ടാൽ, അത് കൂടുതൽ തൊഴിലവസരങ്ങളും ഉയർന്ന വരുമാനവും ലഭ്യമാക്കും. ആരോഗ്യരംഗത്തെ നവീനമാറ്റങ്ങൾ, തദ്ദേശീയർക്ക് കൂടി മികവുറ്റ ചികിത്സകൾ ലഭിക്കാൻ പ്രയോജനപ്പെടും.
എണ്ണ വിലത്തകർച്ച മൂലം ഗൾഫ് രാജ്യങ്ങൾ സമ്പദ്‌പ്രതിസന്ധിയിലാണ്. ഇവിടങ്ങളിൽ ചികിത്സയ്ക്കായി യൂറോപ്പിനെയും അമേരിക്കയെയും ആശ്രയിച്ചിരുന്നവർ ഇനി ഉറ്റുനോക്കുക ഇന്ത്യ പോലുള്ള ചെലവ് കുറഞ്ഞ രാജ്യങ്ങളിലേക്ക് ആയിരിക്കും.
അറബിക് ഉൾപ്പെടെ, മറ്റ് ഭാഷകൾ അറിയാവുന്നവർക്ക് ഇവർ കേരളത്തിൽ എത്തുമ്പോൾ 'ട്രാൻസ്‌ലേറ്റർ" ജോലി നേടാനാകും. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ഇതു പ്രയോജനപ്പെടുത്താനാകും.
എന്തുകൊണ്ട് ഇന്ത്യ?
ആരോഗ്യ വിനോദ സഞ്ചാരഭൂപടത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇന്ത്യയുമുണ്ട്. ഇന്ത്യയിലെ ചികിത്സയ്ക്ക് ചെലവ് കുറവാണെന്നതാണ് പ്രധാന ആകർഷണം. ഹൃദയശസ്‌ത്രക്രിയ, മുട്ടുമാറ്റിവയ്ക്കൽ, ദന്തചികിത്സ, കോസ്‌മെറ്റിക് സർജറി, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ, ഗ്യാസ്‌ട്രിക് ബൈപ്പാസ് എന്നിവയ്ക്കായാണ് കൂടുതൽ പേരും ഇന്ത്യയിലെത്തുന്നത്. ഹൃദയശസ്‌ത്രക്രിയയ്ക്ക് അമേരിക്കയിൽ ഒരുലക്ഷം ഡോളറും തായ്‌ലൻഡിൽ 20,000 ഡോളറും വേണമെങ്കിൽ ഇന്ത്യയിൽ 3,000 ഡോളർ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |