പത്തനംതിട്ട: മിനിമം നിരക്ക് 12 രൂപയാക്കി കെ.എസ്.ആർ.ടി.സി ബസ് നിരത്തിലിറങ്ങിയിരിക്കുകയാണ്. സർക്കാർ ജീവനക്കാർ പുതുക്കിയ നിരക്ക് നൽകി ബസ് യാത്ര തുടങ്ങിയപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൂലിപ്പണിക്കാർക്കും ചാർജ് വർദ്ധന ഇരുട്ടടിയാകുന്നു. നിലവിലെ യാത്രക്കൂലിയുടെ ഇരട്ടി നൽകി ബസിൽ കയറാൻ ജനം മടിക്കുകയാണ്. ചില പ്രതികരണങ്ങളിലൂടെ...
"ഒരു ദിവസം മിനിമം ചാർജ് 12 രൂപയെങ്കിൽ ജോലിയ്ക്ക് പോയി വരണമെങ്കിൽ 24 രൂപ. ഇത് അനുസരിച്ച് ശമ്പളം കൂടുകയും ഇല്ല. പകുതി രൂപയും ബസ് ചാർജിന് തന്നെ നൽകേണ്ടി വരും. ഇത് സാധാരണക്കാർക്ക് ദുരന്തം ആണ്. "
ഷാലി ഷാബി
(അഡ്മിനിസ്ട്രേറ്റർ, സ്വകാര്യ സ്ഥാപനം)
"ജോലി ചെയ്യാതിരിക്കാൻ കഴിയില്ല. കിട്ടുന്ന പണം മുഴുവൻ ബസുകൾക്ക് നൽകേണ്ടി വരുന്ന അവസ്ഥയാണ്. എല്ലാവർക്കും യാത്ര ചെയ്യാനും കഴിയില്ല. തുശ്ചമായ ജോലി ചെയ്ത് ജീവിക്കുന്ന ഒരുപാട് പേർ ഉണ്ട്. അവർക്കൊക്കെ ബുദ്ധിമുട്ടുണ്ടാകും."
എ.എൻ.അഭിലാഷ്
(കൊറിയർ ജീവനക്കാരൻ)
"ലോക്ക് ഡൗണിൽ ഓട്ടോ - ടാക്സി തൊഴിലാളികൾക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു. ലോണെടുത്ത് കുട്ടികളെ പഠിപ്പിക്കുന്നവർ അനേകരുണ്ട്. ക്ഷേമനിധിയിൽ അംഗമല്ലാത്തവർക്ക് ആനുകൂല്യം ലഭിച്ചിട്ടില്ല. ഞങ്ങൾക്കും ഉചിതമായ നിരക്ക് ആവശ്യമാണ്. "
കെ.സി സൈമൺ
ഓട്ടോ-ടാക്സി തൊഴിലാളി
" ചെലവ് കുറച്ചുകൊണ്ട് സർവീസ് നടത്താൻ കഴിയണം. ടാക്സുകളിൽ ഇളവുകൾ നൽകണം. സ്വകാര്യബസുകാരുടെ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കണം. "
ലാലു മാത്യു
സ്വകാര്യ ബസുടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |