ശ്രമിക് ട്രെയിനുകളുടെ പൂർണ നിയന്ത്രണം റെയിൽവേയ്ക്ക്
ന്യൂഡൽഹി: പലായനം തുടരുന്ന കുടിയേറ്റത്തൊഴിലാളികൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ കൂടുതൽ അന്തർ സംസ്ഥാന ബസ് സർവീസുകൾ തുടങ്ങാനും വിശ്രമസങ്കേതങ്ങൾ ഒരുക്കാനും നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
തൊഴിലാളികൾക്കായുള്ള ശ്രമിക് ട്രെയിനുകൾ തുടങ്ങുന്നത് സംബന്ധിച്ച നടപടികളെല്ലാം റെയിൽവേ ഏറ്റെടുക്കും. ട്രെയിൻ, ബസ് സർവീസുകളെക്കുറിച്ചുള്ള വ്യാജ പ്രചാരണം തടയണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
നടന്നു പോകുന്നവരെ ജില്ലാ അധികൃതർ തൊട്ടടുത്ത റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തിക്കണം.
കാൽനടയാത്രക്കാരുടെ വഴിയിൽ വിശ്രമ സങ്കേതവും ഭക്ഷണവും ശുചിമുറികളും ഒരുക്കണം.
സംഘത്തിലെ വനിതകൾ, പ്രായമുള്ളവർ എന്നിവർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രത്യേക ശ്രദ്ധ നൽകണം.
തൊഴിലാളികളോട് ക്യാമ്പുകളിൽ തുടരാൻ ആവശ്യപ്പെടുക.
ശ്രമിക് ട്രെയിനുകൾക്കുള്ള മാർഗരേഖ:
കൂടുതൽ ശ്രമിക് ട്രെയിനുകൾ തുടങ്ങും
വിവിധ ഇടങ്ങളിൽ കുടുങ്ങിയവർക്കായി എല്ലാ സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയോഗിക്കണം.
ശ്രമിക് ട്രെയിനുകൾ ഓടിക്കേണ്ട സ്ഥലം, സ്റ്റോപ്പുകൾ, സമയക്രമം തുടങ്ങിയവ റെയിൽവേ മന്ത്രാലയം തീരുമാനിക്കും. അന്തിമ തീരുമാനം അതത് സംസ്ഥാന സർക്കാരുകളുടെ അറിവോടെ.
സംസ്ഥാനങ്ങൾ യാത്രക്കാരെ പരിശോധിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രം യാത്ര ചെയ്യാൻ അനുവദിക്കുക.
ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രാവേളയിലും സാമൂഹിക അകലം പാലിക്കണം.
യാത്രക്കാർ അതത് സംസ്ഥാനത്തെ കൊവിഡ് ആരോഗ്യ ചട്ടങ്ങൾ പൂർണമായും പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |