ന്യൂഡൽഹി: ഒരു കുടുംബത്തിലെ ആറു പേർ ഉൾപ്പെടെ ഒൻപത് കുടിയേറ്റത്തൊഴിലാളികൾ
തെലങ്കാനയിലെ വാറങ്കലിൽ ചണച്ചാക്ക് നിർമ്മാണ കമ്പനിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിണി മൂലം തൊഴിലാളികൾ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരെല്ലാവരും കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ് മക്‌സൂദ് അലാം (56), ഭാര്യ നിഷ (48), ആൺമക്കളായ സുഹേൽ, ശബാദ്, മകൾ ബുഷ്‌റ (24),ബുഷ്‌റയുടെ മൂന്ന് വയസുള്ള മകൻ, തൃപുര സ്വദേശി ഷക്കീൽ അഹമ്മദ്, ബീഹാർ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹമാണ് ഇന്നലെ രാവിലെയും വ്യാഴാഴ്ച വൈകിട്ടുമായി കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പാണ് ഇവരെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കമ്പനിയോട് ചേർന്നുള്ള കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ശരീരങ്ങളിൽ മുറിവിന്റെയോ മർദ്ദനത്തിന്റെയോ പാടുകളില്ല.
മുഹമ്മദിന്റെ കുടുംബം കഴിഞ്ഞ 20 വർഷമായി കരിമ്പാദിലെ വാടകവീട്ടിലാണ് താമസം. അലാമും ഭാര്യയും രണ്ടു മക്കളും ചണച്ചാക്ക് കമ്പനിയിലെ തൊഴിലാളികളാണ്. വിവാഹമോചനം നേടിയ മകൾ ബുഷ്‌റയും ഇവർക്കൊപ്പമായിരുന്നു താമസം.
ലോക്ക് ഡൗണിനെത്തുടർന്ന് കമ്പനി പൂട്ടിയതോടെ തൊഴിലാളികൾ വളരെ ബുദ്ധിമുട്ടിലായിരുന്നു. കമ്പനി മുതലാളിയുടെ അനുവാദത്തോടെ വാടക വീട് വിട്ട് കമ്പനി ഗോഡൗണിലേക്ക് താമസം മാറ്റി. മറ്റ് തൊഴിലാളികളും ഗോഡൗണിൽ തന്നെയായിരുന്നു താമസം. ജോലിയില്ലെങ്കിലും ഇവർക്ക് താൻ നേരിട്ട് ഭക്ഷണം എത്തിച്ചിരുന്നതായി കമ്പനിയുടമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |